തിരുവനന്തപുരം : ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയ ആരോപണങ്ങളില്‍ ബിജു രമേശിനെതിരെ നിയമനടപടിക്കൊരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജു രമേശിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും ചെന്നിത്തല അറിയിച്ചു.ബാര്‍ കോഴക്കേസില്‍ വിജിലന്‍സില്‍ മൊഴി നല്‍കരുതെന്ന് ചെന്നിത്തല തന്നോട് ആവശ്യപ്പെട്ടെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. ബിജുരമേശ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഉപദ്രവിക്കരുതെന്ന് താനോ ഭാര്യയോ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ ബിജു രമേശിന്റെ ആരോപണം പുറത്തുവന്നത് രാവിലെയാണ്. ബാര്‍ കോഴക്കേസില്‍ പേര് പറയാതിരിക്കാന്‍ രമേശ് ചെന്നിത്തല സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് ബിജു പറഞ്ഞു. പിണറായി വിജയന്‍, കെ.എം മാണിയുമായി ചേര്‍ന്ന് ബാര്‍ക്കോഴ കേസ് അട്ടിമറിച്ചു. ഭര്‍ത്താവിനെ ഉപദ്രവിക്കരുതെന്ന് രമേശ് ചെന്നിത്തലയുടെ ഭാര്യയും അഭ്യര്‍ഥിച്ചതോടെയാണ് രഹസ്യമൊഴിയില്‍ നിന്ന് രമേശ് ചെന്നിത്തലയുടെ പേര് ഒഴിവാക്കിയതെന്നും ബിജുരമേശ് പറഞ്ഞു.
ജനങ്ങളെ കൊളളയടിച്ച് അതൊരു ബിസിനസായി നടത്തുന്ന രാഷ്‌ട്രീയക്കാരെ നാം മാറ്റിനിർത്തണമെന്നും രമേശ് ചെന്നിത്തലയുടെ പഴയ സാമ്പത്തിക നിലയെത്ര ഇപ്പോഴത്തേത് എത്ര എന്ന് നമുക്കറിയാമെന്നും ബിജു രമേശ് പറഞ്ഞു. വിജിലന്‍സ് അന്വേഷണം പ്രഹസനമാണെന്നും കേന്ദ്ര അന്വേഷണം വേണമെന്നും ബിജുരമേശ് ആവശ്യപ്പെട്ടിരുന്നു.
Post Your Comments