തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തിനായി ആരുമായും മത്സരത്തിനില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്നം ജയന്തി ആഘോഷത്തിൽ പങ്കെടുത്തതിന് പിന്നിൽ പ്രത്യേക ലക്ഷ്യമോ പ്ലാനിംഗോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്താചാനലായ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു മുൻ പ്രതിപക്ഷ നേതാവ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. താൻ എൻഎസ്എസിന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിൻറെ ഗുണം കോൺഗ്രസിനാണെന്നും ചെന്നിത്തല പറഞ്ഞു.
എൻഎസ്എസ് മതേതര ബ്രാൻഡാണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. എൻഎസ്എസിന്റെ പരിപാടിയിൽ പങ്കെടുത്തതിൽ ആരും ദുരുദ്ദേശ്യം കാണെണ്ടതില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. എൻ.എസ്.എസുമായുള്ള പിണക്കം തീർത്തതത് നേരിട്ടാണെന്നും ഇടനിലക്കാരില്ലെന്നും ചെന്നിത്തല വെളിപ്പെടുത്തി. സുകുമാരൻ നായരുമായി താൻ നേരിട്ട് സംസാരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ സമുദായ സംഘടനകളുമായും തനിക്ക് നല്ല ബന്ധമാണുള്ളത്. തന്നെ ബ്രാൻഡ് ചെയ്യാൻ ശ്രമിച്ചവരെ കുറിച്ച് പറയാൻ സമയമായിട്ടില്ല. മുഖ്യമന്ത്രി സ്ഥാനത്തിനായി ആരുമായും മത്സരത്തിനില്ലെന്നും പ്രതിപക്ഷ നേതാവുമായി അഭിപ്രായ ഭിന്നതയില്ലെന്നും ചെന്നിത്തല പറയുന്നു.
എല്ലാം തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആണ്. സാധാരണ പ്രവർത്തകർ മത്സരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പാണ് തൻറെ മുന്നിലുള്ള അടുത്ത ലക്ഷ്യമെന്നും പാർട്ടി ഒറ്റക്കെട്ടായി നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ചെന്നിത്തല വിശദമാക്കി. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറിയത് ഹൈക്കമാൻഡ് തീരുമാന പ്രകാരമാണ്. എന്നാൽ സ്ഥാനം ഒഴിയാൻ തന്നോട് നേരിട്ട് പറയാത്തത് വിഷമമുണ്ടാക്കിയെന്നും ചെന്നിത്തല പറഞ്ഞു.
Post Your Comments