ഭോപാല്‍: നിർബന്ധിത മതപരിവർത്തനം തടയാൻ മധ്യപ്രദേശ് സര്‍ക്കാര്‍ ഉടന്‍ തന്നെ നിയമ നിര്‍മാണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ഈ വിഷയത്തില്‍ നിയമ നിര്‍മാണം നടത്തുന്നത് പരിഗണനയിലാണെന്ന് കര്‍ണാടക, ഹരിയാന സര്‍ക്കാരുകള്‍ കഴിഞ്ഞയാഴ്‌ച വെളിപ്പെടുത്തിയതിനു പിന്നാലെയാണു മധ്യപ്രദേശിലെ നീക്കം. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഇതുസംബന്ധിച്ച ബില്‍ അവതരിപ്പിക്കുമെന്നും നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ചുവര്‍ഷം തടവ് ഉറപ്പാക്കുമെന്നും മിശ്ര പറഞ്ഞു.
“ധര്‍മ്മസ്വാത്വന്ത്ര്യ ബില്‍ 2020 കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതനുസരിച്ച് ഒരാളെ നിര്‍ബന്ധിച്ചോ സമ്മര്‍ദം ചെലുത്തിയോ വിവാഹം കഴിക്കുന്നത് അഞ്ചുവര്‍ഷം കഠിന തടവിന് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഈ കുറ്റകൃത്യത്തിന് സഹായിക്കുന്നവരും പ്രാഥമിക പ്രതികളായിരിക്കും. പ്രതികള്‍ക്കെതിരേ ജാമ്യമില്ലാക്കുറ്റം ചുമത്തും”-മിശ്ര പറഞ്ഞു.
നിലവിലെ നിയമത്തില്‍ ലൗ ജിഹാദ് എന്നൊന്നില്ലെന്നും ഏതെങ്കിലും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇതു സംബന്ധിച്ച് ഒരു കേസും ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്നുമാണു കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ പാര്‍ലമെന്റില്‍ രേഖാമൂലം അറിയിച്ചത്. വിവാഹത്തിനായി സ്വമേധയാ മതപരിവര്‍ത്തനം നടത്തുന്നതിന് ഒരുമാസം മുമ്പ് കലക്‌ടര്‍ക്ക് അപേക്ഷ നല്‍കണം. ഇത് ഏതെങ്കിലും മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.
ലൗ ജിഹാദ് സാമൂഹിക തിന്മയാണെന്നും പരിഹാരത്തിന് നിയമനിര്‍മാണം ആവശ്യമാണെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെയും വ്യക്തിത്വം മറച്ചുവെച്ച് സഹോദരിമാരുടെ മാനം വെച്ച് കളിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണെന്നും പുതിയ നിയമം ഉടന്‍ നടപ്പാക്കുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും നേരത്തെ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് എപ്പോള്‍ മധ്യപ്രദേശ് സര്‍ക്കാരും നിയമ നിര്‍മാണവുമായി രംഗത്തുവന്നത്.
Post Your Comments