ന്യൂഡൽഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ 56 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ സീറ്റിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വിധി ഇന്നറിയാം. ജ്യോതിരാദിത്യ സിന്ധ്യ ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് മധ്യപ്രദേശിലെ 28 സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം ബിജെപിക്കും, കോണ്‍ഗ്രസിനും ഒരു പോലെ നിര്‍ണായകമാണ്.
നിലവില്‍ 109 സീറ്റുള്ള ബിജെപിക്ക് ഭരണം നിലനിറുത്താന്‍ ഒന്‍പത് സീറ്റുകൂടിയാണ് വേണ്ടത്. 28 സീറ്റുകളിലെ ഫലമാണ് ഇന്ന് കാത്തിരിക്കുന്നത്. സംസ്ഥാനത്ത് ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാര്‍ വന്‍ വിജയം നേടുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം. ഈ വര്‍ഷം മാര്‍ച്ചില്‍ ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം 22 ഓളം കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതോടെയാണ് കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ചുകൊണ്ട് ബിജെപി അധികാരത്തിലേറിയത്.
കഴിഞ്ഞ മാസം മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതോടെ 230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 83 എംഎല്‍എമാരായി.എക്സിറ്റ് പോള്‍ ഫലങ്ങള്‍ അനുസരിച്ച് മധ്യപ്രദേശില്‍ എന്‍ഡിഎ 16 മുതല്‍ 18 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് പത്ത് മുതല്‍ 12 സീറ്റുകള്‍ വരെ സ്വന്തമാക്കും. മറ്റുള്ളവര്‍ക്ക് ഒരു സീറ്റും പ്രവചിക്കുന്നു.
അതേസമയം 243 അംഗ ബിഹാര്‍ നിയമസഭയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വിധി ഉച്ചയ്ക്ക് പതിനൊന്ന് മണിയോടെ പൂര്‍ണമായും വ്യക്തമാകും. നിര്‍ണായകമായ മധ്യപ്രദേശ് നിയമസഭയിലേയ്ക്കുള്ള 28 സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലവും ഇന്ന് വ്യക്തമാകും.സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടന്നത്. 15 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന നിതീഷ്‌കുമാര്‍ തന്നെ ആയിരുന്നു എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി.
മറുവശത്ത് പ്രതിപക്ഷ പര്‍ട്ടികളുടെ മുഖമായി ലാലു പ്രസാദ് യാദവിന്റെ മകനായ തേജസ്വീ യാദവ് മാറി. സംസ്ഥാനം ഇതുവരെ ദര്‍ശിച്ചതില്‍ വാശിയേറിയ പോരാട്ടമാണ് നടന്നത്. രാംവിലാസ് പാസ്വാന്റെ മകന്‍ ചിരാഹ് പാസ്വാന്റെ നേതൃത്വത്തിലുള്ള എല്‍ജെപി, ജെഡിയു മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ജനവിധി തേടി.
Post Your Comments