തിരുവനന്തപുരം: സംസ്ഥാനത്തെ 11 ജില്ലകളിലെ (കോട്ടയം, കണ്ണൂർ, കാസർകോട് ഒഴികെ) 29 തദ്ദേശ വാർഡുകളിൽ നവംബർ 9ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. സമ്മതിദായകർക്ക് തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചുള്ള എസ്.എസ്.എൽ.സി. ബുക്ക്, ദേശസാൽകൃത ബാങ്ക് ആറുമാസകാലയളവിന് മുമ്പു വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാം.
സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് ചെലവ് കണക്ക് www.sec.kerala.gov.in സൈറ്റിൽ ഓൺലൈനിലൂടെ സമർപ്പിക്കാം. ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകമാണ് ഈ അവസരമുള്ളത്. ആദ്യമായാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ സൗകര്യം ഏർപ്പെടുത്തുന്നത്.
11 ജില്ലകളിലെ ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, ഇരുപത് ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ്. ആകെ 102 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. അതിൽ 40 പേർ സ്ത്രീകളാണ്.
വോട്ടർപട്ടിക ഒക്ടോബർ 10 ന് പ്രസിദ്ധീകരിച്ചു. ആകെ 1,39,025 വോട്ടർമാർ. 65,964 പുരുഷന്മാരും 73,061 സ്ത്രീകളും. പ്രവാസി വോട്ടർപട്ടികയിൽ 9 പേർ.
വോട്ടെടുപ്പിന് 190 പോളിംഗ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ തൊണ്ണൂറ്റിരണ്ടും പുളികീഴ് ബ്ലോക്ക് പഞ്ചായത്തിലെ എട്ടും ഇളംദേശം ബ്ലോക്ക് പഞ്ചായത്തിലെ പന്ത്രണ്ടും വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ പതിന്നാലും പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ പതിനെട്ടും മേലടി ബ്ലോക്ക് പഞ്ചായത്തിലെ ആറും ബൂത്തുകൾ ഇതിൽ ഉൾപ്പെടും.
പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം പൂർത്തിയായി. പോളിംഗ് സാധനങ്ങൾ തലേദിവസം 12 മണിക്ക് മുമ്പ് സെക്ടറൽ ഓഫീസർമാർ മുഖേന അതാത് പോളിംഗ് ബൂത്തുകളിൽ എത്തിക്കും. ഉദ്യോഗസ്ഥർ പോളിംഗ് ബൂത്തിൽ നേരിട്ട് ഹാജരായാൽ മതിയാകും.
ക്രമസമാധാന പാലനത്തിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രശ്‌നബാധിത ബൂത്തുകളിൽ വീഡിയോഗ്രാഫി നടത്തും. പ്രത്യേക പോലീസ് സുരക്ഷയും ഏർപ്പെടുത്തും.
വോട്ടെടുപ്പ് ദിവസം രാവിലെ 6 മണിക്ക് മോക്ക്‌പോൾ നടത്തും. രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് വോട്ടെടുപ്പ്.
വോട്ടെണ്ണൽ പത്തിന് രാവിലെ 10 മണിക്ക് അതാത് കേന്ദ്രങ്ങളിൽ നടത്തും. ഫലം അപ്പോൾ തന്നെ www.lsgelection.kerala.gov.in സൈറ്റിലെ TREND ൽ ലഭ്യമാകും.
Post Your Comments