Latest NewsKeralaNews

ഒളിച്ചു വെക്കാന്‍ ഒന്നുമില്ലെങ്കില്‍ ജലീല്‍ തലയില്‍ മുണ്ടിട്ട് പോകേണ്ട കാര്യമെന്ത് ; മുഖ്യമന്ത്രി കടിച്ച് തൂങ്ങാതെ രാജിവയ്ക്കണം ; മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: ഒളിച്ചു വെക്കാന്‍ ഒന്നുമില്ലെങ്കില്‍ ജലീല്‍ തലയില്‍ മുണ്ടിട്ട് പോകേണ്ട കാര്യമെന്താണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപള്ളി രാമചന്ദ്രന്‍. ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് ഗൗരവതരമെന്നും മുഖ്യമന്ത്രി ജനത്തെ തെറ്റിധരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി രാജിവച്ച് മന്ത്രിസഭ പിരിച്ച് വിട്ട് പുതിയ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാകണമെന്നും രാജി പ്രഖ്യാപിച്ചില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കെ.ടി ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നത് ഗുരുതരമായ കാര്യമാണെന്നും, മന്ത്രി രാജിവയ്ക്കണമെന്നും ബിജെപിയും കോണ്‍ഗ്രസ്സും രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തിനെയോ ഭയക്കുന്നത് കൊണ്ടാണ് ജലീലിനെ സംരക്ഷിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ഇനിയും ന്യായീകരിക്കാന്‍ നില്‍ക്കരുതെന്നും, മന്ത്രി ജലീല്‍ രാജിവയ്ക്കണമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രതികരിച്ചു.

READ MORE : തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്ന ഏജന്‍സിയാണ് ചോദ്യംചെയ്യുന്നത്, നാണം കെടാതെ ജലീല്‍ രാജിവെക്കണം ; രമേശ് ചെന്നിത്തല

ഖുറാന്റെ മറവില്‍ മന്ത്രി സ്വര്‍ണക്കടത്തിന് കൂട്ടു നിന്നു എന്ന് ആദ്യം ആരോപണം ഉന്നയിച്ചത് ബിജെപിയാണെന്നും ആ ആരോപണം വാസ്തവമാണെന്ന് തെളിഞ്ഞുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. മന്ത്രിയെ ഇത്രയേറെ സംരക്ഷിച്ച മുഖ്യമന്ത്രിയും ധാര്‍മികതയുണ്ടെങ്കില്‍ രാജിവച്ച് പുറത്ത് പോകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.ഇനിയും മന്ത്രിയെ ന്യായീകരിക്കാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും സാധിക്കില്ലെന്നും മന്ത്രി രാജി വയ്ക്കും വരെ ബിജെപി ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഇന്ന് രാവിലെ ആറുമണിയോടെയാണ് ജലീല്‍ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ ഹാജരായത്. സ്ഥലത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ‘തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്ന ഏജന്‍സിയാണ് ജലീലിനെ ചോദ്യം ചെയ്യുന്നത്. ഇനിയും നാണം കെടാതെ ജലീല്‍ രാജിവയ്ക്കണം. സംസ്ഥാന ചരിത്രത്തില്‍ സമാനമായ ഒരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ല. ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകും’-ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button