ന്യൂഡല്‍ഹി : തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യഘട്ടത്തില്‍ സോണിയാ ഗന്ധിയും രാഹുല്‍ ഗാന്ധിയും പങ്കെടുക്കില്ല. വാര്‍ഷിക മെഡിക്കല്‍ പരിശോധനയ്ക്കായി സോണിയാ ഗാന്ധി വിദേശത്തേയ്ക്ക് പോയതിനാലും ഒപ്പം രാഹുല്‍ ഗാന്ധിയും പോകുന്നതിനാലുമാണ് പങ്കെടുക്കാന്‍ സാധിക്കാത്തത്. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം രാഹുല്‍ മടങ്ങുകയും പ്രിയങ്ക ഗാന്ധി സോണിയയുടെ അടുത്തേയ്ക്ക് പോകുകയും ചെയ്യുമെന്നാണ് വിവരം.
യാത്രയ്ക്ക് മുന്നോടിയായി സോണിയ ഗാന്ധി തന്റെ പാര്‍ലമെന്ററി സ്ട്രാറ്റജി ഗ്രൂപ്പുമായി കൂടിക്കാഴ്ച നടത്തി. ലോക്‌സഭയിലും രാജ്യസഭയിലും മികച്ച ഏകോപനത്തിനും രാജ്യത്തെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ ഉന്നയിക്കാനും വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സാമ്പത്തിക മാന്ദ്യം, കൊറോണ വൈറസ് പാന്‍ഡെമിക് കൈകാര്യം ചെയ്യുന്നതിലെ കേന്ദ്രത്തിന്റെ വീഴ്ചകള്‍ തുടങ്ങിയ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ പാര്‍ട്ടി ഉന്നയിക്കാന്‍ സാധ്യതയുണ്ട്.
വിദേശത്തേയ്ക്ക് പോകുന്നതിനു മുന്‍പ് വെള്ളിയാഴ്ച, പാര്‍ട്ടിയുടെ സംഘടനാതലത്തില്‍ വന്‍ അഴിച്ചുപണിയാണ് കോണ്‍ഗ്രസ് അധ്യക്ഷ നടത്തിയത്. സോണിയ ഗാന്ധിക്കു തുറന്ന കത്തെഴുതിയ സംഘത്തിനു നേതൃത്വം നല്‍കിയ ഗുലാം നബി ആസാദിനെ ജനറല്‍ സെക്രട്ടറി പദത്തില്‍നിന്ന് ഒഴിവാക്കിയതാണ് ഏറ്റവും ശ്രദ്ധേയം. കത്തെഴുതിയ പലരെയും തഴഞ്ഞാണ് പുതിയ സംഘനാതലം രൂപീകരിച്ചിരിക്കുന്നത്.
അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ (എ.ഐ.സി.സി) ജനറല്‍ സെക്രട്ടറിമാരായി മോത്തിലാല്‍ വോറ, അംബിക സോണി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരെ വെള്ളിയാഴ്ച ഗാന്ധി നീക്കി. പി ചിദംബരം, താരിഖ് അന്‍വര്‍, രണ്‍ദീപ് സുര്‍ജേവാല, ജിതേന്ദ്ര സിംഗ് എന്നിവരെ പുനര്‍നിര്‍മിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ സാധാരണ അംഗങ്ങളായി തിരഞ്ഞെടുത്തു. രാഹുല്‍ ഗാന്ധി വിശ്വസ്തനായ രണ്‍ദീപ് സിംഗ് സുര്‍ജേവാലയെ കര്‍ണാടകയുടെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് സെപ്റ്റംബര്‍ 14ന് പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം ആരംഭിക്കുന്നത്. നിര്‍ബന്ധിത ഫെയ്സ് മാസ്‌ക്, സാമൂഹിക അകലം എന്നിവ ഉള്‍പ്പെടെ നിരവധി സുരക്ഷാ നടപടികള്‍ നടപ്പാക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ലോക്‌സഭ, രാജ്യസഭാ എംപിമാരുടെ ഇരിപ്പിടത്തിനായി ഇരുസഭകളുടെയും അറകളും ഗാലറികളും ഉപയോഗിക്കും. ഒരു ദിവസം ഇരു സഭകളും നാല് മണിക്കൂര്‍ വീതമായിരിക്കും ചേരുക.
Post Your Comments