
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി സ്പീക്കർ ഓം ബിർള. പ്രതിപക്ഷ നേതാവായിട്ടും രാഹുൽ മര്യാദയോടെയല്ല ലോക്സഭയില്‍ പെരുമാറുന്നതെന്ന് സ്പീക്കർ പറഞ്ഞു. നേരത്തെ അച്ഛനമ്മമാരും, സഹോദരങ്ങളുമൊക്കെ സഭയില്‍ അംഗങ്ങളായിട്ടുണ്ട്. അവരെല്ലാം മര്യാദ പാലിച്ചാണ് സഭയ്ക്കകത്ത് പെരുമാറിയിട്ടുള്ളതെന്നും സ്പീക്കർ പറഞ്ഞു. അതേസമയം, എന്തിനാണ് ശകാരിച്ചതെന്ന് മനസിലായില്ലെന്നും തനിക്ക് മറുപടി പറയാൻ അവസരം കിട്ടിയില്ലെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
നിരന്തരമായ സഭാ നടപടികൾ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതിനെതിരെയാണ് സ്പീക്കർ പ്രതികരിച്ചത്. അതേസമയം, രാഹുലിനെ ശകാരിച്ചതിൽ പ്രതിഷേധിച്ച് 70 കോണ്‍ഗ്രസ് എംപിമാർ സ്പീക്കറെ കണ്ടു. രാഹുല്‍ ഗാന്ധിക്ക് വിശദീകരണത്തിന് സമയം നല്‍കിയില്ലെന്ന് എംപിമാർ പറഞ്ഞു. എന്നാല്‍ തന്നെക്കൊണ്ട് കൂടുതല്‍ പറയിപ്പിക്കരുതെന്നായിരുന്നു എംപിമാരോട് സ്പീക്കർ ഓംബിർളയുടെ പ്രതികരണം.
“എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല…എന്നെ സംസാരിക്കാൻ അനുവദിക്കണമെന്ന് ഞാൻ അദ്ദേഹത്തോട് അഭ്യർത്ഥിച്ചു, പക്ഷേ അദ്ദേഹം (സ്പീക്കർ) ഓടിപ്പോയി. ഇത് സഭ നടത്താനുള്ള വഴിയല്ല. സ്പീക്കർ പോയി, അദ്ദേഹം എന്നെ സംസാരിക്കാൻ അനുവദിച്ചില്ല … അദ്ദേഹം എന്നെക്കുറിച്ച് വസ്തുതാവിരുദ്ധമായി എന്തെങ്കിലും പറഞ്ഞു … അദ്ദേഹം സഭ നിർത്തിവച്ചു, ആവശ്യമില്ല,” രാഹുൽ പറഞ്ഞു.
Post Your Comments