ലക്നൗ : അതീവസുരക്ഷാ മേഖലയായ ലക്നൗവിലെ ഗൗതംപള്ളിയിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടി അമ്മയെയും സഹോദരനെയും വെടിവച്ചു കൊലപ്പെടുത്തി. ഡൽഹി റെയിൽവെ ബോർഡ് എക്സിക്യൂട്ടിവ് ഡയറക്ടർ ആർ.ഡി.ബാജ്പേയിയുടെ ഭാര്യയായ മാലിനി ബാജ്പേയി (45), മകൻ ശരദ് (20) എന്നിവരാണ് കൊല്ലപ്പെട്ടത്.ശരദിന് തലയ്ക്കാണ് വെടിയേറ്റിരിക്കുന്നത്. അന്വേഷണത്തിൽ പ്രായപൂർത്തിയാകാത്ത ഇവരുടെ മകളാണ് കൊലയ്ക്ക് പിന്നിലെന്നാണ് കണ്ടെത്താനായത്’ ലക്നൗ പൊലീസ് കമ്മീഷണർ സുജീത് പാണ്ഡെ അറിയിച്ചു.
പെൺകുട്ടി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും കൊലപാതകം നടത്താൻ ഉപയോഗിച്ച ആയുധം ഇനിയും കണ്ടെത്താനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ‘കിടപ്പുമുറിയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. വിഷാദ രോഗമാണ് പെൺകുട്ടിയെ കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് ഇതുവരെയുള്ള നിഗമനം… കുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റും..’ പാണ്ഡെ കൂട്ടിച്ചേർത്തു. പുലർച്ചെ മുഴുവൻ കുടുംബവും ഒരുമിച്ചിരുന്നായിരുന്നു ഭക്ഷണം കഴിച്ചതെന്നാണ് വീട്ടിലെ ജോലിക്കാർ നൽകിയിരിക്കുന്ന മൊഴി. ഇതിനു ശേഷമാകാം പെൺകുട്ടി ആയുധവുമായെത്തിയതെന്നാണ് കരുതപ്പെടുന്നത്.
അഞ്ച് ബുള്ളറ്റുകൾ തോക്കിൽ നിറച്ചുവെന്ന് പെണ്‍കുട്ടി മൊഴി നൽകിയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിൽ മൂന്നെണ്ണം ഉപയോഗിക്കപ്പെട്ടു. ആദ്യത്തെ ബുള്ളറ്റ് ഒരു ഗ്ലാസിലാണ് പരീക്ഷിച്ച് നോക്കിയത്. ‘അയോഗ്യനായ മനുഷ്യൻ’ എന്ന് ഈ ഗ്ലാസിൽ എഴുതിയിട്ടുണ്ടായിരുന്നു. ഇതിനു ശേഷമാണ് അമ്മയെയും സഹോദരനെയും വെടിവച്ചത്. ഡിസിപി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥന്‍റെ സാന്നിധ്യത്തിലായിരുന്നു പെൺകുട്ടിയെ ചോദ്യം ചെയ്തത്. കുട്ടിയുടെ മുത്തച്ഛനും ഈ സമയം മുഴുവൻ ഒപ്പമുണ്ടായിരുന്നുവെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു.
Post Your Comments