ന്യൂഡൽഹി : വിവാഹം കഴിക്കണമെന്ന് വാശിപിടിച്ച 34 കാരിയും രണ്ട് കുട്ടികളുടെ മാതാവുമായ വീട്ടമ്മയെ കാമുകൻ കൊലപ്പെടുത്തി. ഉത്തർ പ്രദേശിലെ അലിഗഡിലാണ് സംഭവം. സംഭവത്തിൽ 19 കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബധൂൻ സ്വദേശിയായ വീട്ടമ്മയുടെ അയൽവാസിയായിരുന്നു യുവാവ്.
ഏറെക്കാലമായി ഇരുവരും തമ്മിൽ സൗഹൃദത്തിലായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഒഴിവാക്കാൻ യുവാവ് ശ്രമിച്ചെങ്കിലും വിവാഹം കഴിക്കണമെന്ന ആവശ്യത്തിൽ വീട്ടമ്മ ഉറച്ചു നിന്നതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതിയുടെ മൊഴി.
കൊലപാതകം ആസൂത്രണം ചെയ്തതിന്റെ ഭാഗമായി വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് 19 കാരൻ വീട്ടമ്മയെ തന്റെ ബൈക്കിൽ ബാർലയിലെത്തിച്ചു. അവിടെ ഒരു ഗസ്റ്റ് ഹൗസിൽ ഇരുവരും തങ്ങി. ഇതിനിടെ മദ്യക്കുപ്പി ഉപയോഗിച്ച് 19 കാരൻ വീട്ടമ്മയുടെ തലയ്ക്കടിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. മരണം ഉറപ്പാക്കിയ ശേഷം പ്രതി സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.
വീട്ടമ്മയുടെ മൃതദേഹം ചാര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഗസ്റ്റ് ഹൗസിൽ നിന്നാണ് കണ്ടെടുത്തതെന്ന് അലിഗഡ് റൂറൽ എസ്പി ശുഭം പട്ടേൽ പറഞ്ഞു. തകർന്ന മദ്യക്കുപ്പിയും മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. വീട്ടമ്മയുടെ വായിൽ തുണി തിരുകിയ നിലയിലായിരുന്നു. സമീപത്ത് നിന്നും ഒരു സിം കാർഡും കണ്ടെത്തിയിരുന്നു.
Post Your Comments