KeralaLatest NewsNews

‘അഴിമതിയുടെയും ധൂര്‍ത്തിന്‍റെയും കൂടാരമായി മാറിയിരിക്കുകയാണ് സര്‍ക്കാരും മുഖ്യമന്ത്രിയുടെ ഓഫീസും’; ആരോപണവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: അഴിമതിയുടെയും ധൂര്‍ത്തിന്‍റെയും കൂടാരമായി സര്‍ക്കാരും മുഖ്യമന്ത്രിയുടെ ഓഫീസും മാറിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം ഇതുവരെ ഉന്നയിച്ച അഴിമതി ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. ചരിത്രത്തിൽ ഒരു മുഖ്യമന്ത്രിയുടെ ഓഫീസും രാജ്യദ്രോഹ കുറ്റത്തിന്‍റെ ഭാഗമായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

അഴിമതികള്‍ക്കെല്ലാം മുഖ്യമന്ത്രിയുടെ മൗനാനുവാദമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ കേന്ദ്രമാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി അധികാരത്തില്‍ നിന്ന് മാറിനില്‍ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ബന്ധുനിയമനം, ബ്രൂവറി – ഡിസ്റ്റിലറി അഴിമതി, മാര്‍ക്ക് ദാനം, ട്രാന്‍സ്ഗ്രിഡ് പദ്ധതിയിലെ അഴിമതി, പോലീസിലെ അഴിമിതികള്‍ ഇവയെല്ലാം യുഡിഎഫ് ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണങ്ങളാണ്. ഇതില്‍ മാര്‍ക്ക് ദാനം ഒഴിച്ചുള്ളതെല്ലാം മുഖ്യമന്ത്രിയുടെ വകുപ്പുമായി ബന്ധപ്പെട്ടതാണ്. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പ് ഭരിക്കാന്‍ അറിയില്ല, അല്ലെങ്കില്‍ അതിനുള്ള കഴിവില്ല എന്ന് തെളിഞ്ഞതാണ് പോലീസ് ഹെഡക്വാര്‍ട്ടേഴ്‌സിലെ അഴിമതി.

മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെ നടന്ന അഴിമതിയായി വേണം ഇതിനെ വിലയിരുത്താന്‍. സെക്രട്ടേറിയേറ്റില്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന് ബാക്ക് ഓഫീസ് സര്‍ക്കാര്‍ ഉണ്ടാക്കിക്കൊടുത്തെങ്കില്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഗാലക്‌സിയോണ്‍ എന്ന കമ്പനി ഫ്രണ്ട്ഓഫീസ് തുടങ്ങി. വ്യാപകമായ കൊള്ളയും അഴിമതിയുമാണ് മുഖ്യമന്ത്രി വഹിച്ച വകുപ്പുകളില്‍ പറയുന്നത്. ഐടി വകുപ്പിലാണ് ഈ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതികള്‍ നടന്നത്. ഇവയേപ്പറ്റി സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യത്തെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു ചെന്നിത്തല ആരോപിച്ചു.

സംസ്ഥാനത്ത് നടക്കുന്നത് കണ്‍സള്‍ട്ടന്‍സി രാജാണ്. യുഡിഎഫ് കാലത്തേക്കാള്‍ ഇരട്ടിയും വഴിവിട്ട നിലയിലുമുള്ള കണ്‍സള്‍ട്ടന്‍സിയാണ് ഈ സര്‍ക്കാരിന്റെ കാലത്തുള്ളത്. ഈ സര്‍ക്കാരിന്റെ കാലത്താണ് ഏറ്റവും കൂടുതല്‍ കണ്‍സള്‍ട്ടന്‍സികള്‍ നടത്തി അതിന്റെ മറവിന്‍ നിയമനങ്ങള്‍ നടത്തുകയും അഴിമതി നടത്തുകയും ചെയ്തത്. ശബരിമല വിമാനത്താവളത്തിന് വേണ്ടി സര്‍ക്കാര്‍ സ്ഥലം കണ്ടെത്തുന്നതിന് മുമ്പുതന്നെ ലൂയിസ് ബര്‍ഗര്‍ എന്ന കമ്പനിയെ കണ്‍സള്‍ട്ടന്റായി തീരുമാനിക്കാന്‍ മുന്നോട്ടുവന്നു. ധാരാളം അഴിമതി കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള കമ്പനിയാണിതെന്നും ചെന്നിത്തല ചൂണ്ടിക്കാണിച്ചു.

അഴിമതിയുടെ പ്രഭവകേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്നും മുഖ്യമന്ത്രി രാജിവെച്ച് സിബിഐ അന്വേഷണം നേരിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് സ്പീക്ക് അപ്പ് കേരള എന്ന പേരില്‍ എല്ലാ വാര്‍ഡുകളിലും സത്യാഗ്രഹ സമരം ആരംഭിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button