ന്യൂഡല്‍ഹി: തന്ത്രപ്രധാന ആയുധമായ ടാങ്ക്വേധ മിസൈല്‍ ‘ധ്രുവാസ്ത്ര’ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച സ്വയം നിയന്ത്രിത മിസൈല്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഒഡിഷ തീരത്തെ ടെസ്റ്റ് റേഞ്ചിലാണ് പരീക്ഷിച്ചത്. നിലവില്‍ ധ്രുവ് ഹെലികോപ്റ്ററില്‍ നിന്ന് വിക്ഷേപിക്കുന്ന നാഗ് മിസൈല്‍ ( ഹെലിനാ )? പേര് മാറ്റിയാണ് ‘ധ്രുവാസ്ത്ര’ ആക്കിയത്. ധ്രുവ് ഹെലികോപ്റ്ററില്‍ നിന്ന് വിക്ഷേപിക്കുന്ന അസ്ത്രം എന്ന് അര്‍ത്ഥം. നാഗ് മിസൈലിന് നാല് കിലോമീറ്ററായിരുന്നു റേഞ്ച്. അത് പരിഷ്‌കരിച്ച് ഹെലിന ആക്കിയപ്പോള്‍ റേഞ്ച് എട്ട് കിലോമീറ്ററായി കൂട്ടി. നാഗ് മിസൈല്‍ നിലവില്‍ ലഡാക്കില്‍ വിന്യസിച്ചിട്ടുണ്ട്. നാമിക എന്ന ലോഞ്ചറില്‍ നിന്നേ നാഗ് മിസൈല്‍ വിക്ഷേപിക്കാനാകൂ. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ധ്രുവ്, രുദ്ര ഹെലികോപ്റ്ററുകളില്‍ എട്ട് ധ്രുവാസ്ത്ര മിസൈലുകള്‍ വീതം ഘടിപ്പിക്കാനാകും.
ജൂലായ് 15, 16 തീയതികളില്‍ നടന്ന പരീക്ഷണം ഹെലികോപ്റ്റര്‍ ഇല്ലാതെ ആയിരുന്നു. താമസിയാതെ കോപ്റ്ററില്‍ നിന്ന് പരീക്ഷിക്കും. നേരിട്ടും മുകളില്‍ നിന്നും ശത്രു ടാങ്കുകളെ തകര്‍ക്കാന്‍ കഴിയും.
എതിരാളിയുടെ പ്രതിരോധ നിരയെ തകര്‍ക്കുന്ന ടാങ്കുകള്‍ക്കും കവചിത വാഹനങ്ങള്‍ക്കും കരയുദ്ധത്തില്‍ നിര്‍ണായക സ്ഥാനമുണ്ട്. ധ്രുവാസ്ത്ര അത്യാധുനിക ടാങ്കുകളില്‍ തുളച്ചുകയറി പരമാവധി നശിപ്പിക്കും. ടാങ്കിനകത്തെ സൈനികര്‍ക്ക് പുറത്തിറങ്ങാന്‍ സാവകാശം ലഭിക്കില്ല. ഇതോടെ ഇന്ത്യയുടെ ആയുധശേഖരത്തില്‍ ഭീതിയോടെയാണ് പാകിസ്ഥാനും ചൈനയും നോക്കി കാണുന്നത്
Post Your Comments