ന്യൂഡൽഹി: മാർച്ച് ഒൻപതിന് ഇന്ത്യയിൽ നിന്ന് ‘അൺആംഡ്’ ആയ ഒരു മിസൈൽ പാകിസ്ഥാനിൽ പതിച്ചിരുന്നത് വലിയ വാർത്തയായിരുന്നു. ഹരിയാനയിലെ സിർസ ഭാഗത്തുനിന്ന് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലേക്കായിരുന്നു മിസൈൽ പറന്നുയർന്നത്. വൈകുന്നേരം ആറരയോടെ പാക്സ്ഥാനിലെ പഞ്ചാബിലുള്ള ഖനെവാൾ ജില്ലയിലെ മിയാൻ ചന്നു എന്ന പ്രദേശത്ത് മിസൈൽ പതിച്ചതായി പാക് സൈന്യം വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഇന്ത്യ സംഭവം വെളിയിൽ വിട്ടതിന് ശേഷം മാത്രമാണ് പാകിസ്ഥാൻ ഇത് അറിഞ്ഞത് തന്നെ. അതേസമയം, മിസൈൽ പതിച്ചത് പാകിസ്ഥാനിലെ ആൾ താമസമില്ലാത്ത സ്ഥലത്തായിരുന്നു. സാങ്കേതിക തകരാർ കാരണം മിസൈൽ തനിയെ ലോഞ്ച് ആകുകയായിരുന്നെന്നാണ് ഇത് സംബന്ധിച്ച് ഇന്ത്യ നൽകിയ ഔദ്യോഗിക വിശദീകരണം. എന്നാൽ, ഇതിനെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്.
ഒരുപക്ഷേ, മിസൈൽ അബദ്ധത്തിൽ ലോഞ്ച് ആയതാകാൻ വഴിയില്ലെന്നും ഇന്ത്യ ചില കാര്യങ്ങൾ അറിയുന്നതിനും, ചില വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനും വേണ്ടി നടത്തിയ പരീക്ഷണമായിരിക്കാനും സാദ്ധ്യതയുണ്ടെന്നും ചില ചർച്ചകൾ സമൂഹമാദ്ധ്യമങ്ങളിൽ നടക്കുന്നുണ്ട്. അങ്ങനെയാണെങ്കിൽ, ഇന്ത്യയ്ക്ക് മൂന്ന് നേട്ടങ്ങളുണ്ടായതായും ഇവർ ചൂണ്ടിക്കാണിക്കുന്നു. ഒന്നാമതായി, പാകിസ്ഥാനുമായി നിലനിൽക്കുന്ന ബന്ധം കൂടുതൽ വഷളാകാതെ തന്നെ ബ്രഹ്മോസ് എന്ന ഇന്ത്യയുടെ ക്രൂയിസ് മിസൈൽ ശത്രുരാജ്യത്തിന്റെ മണ്ണിൽ വിക്ഷേപിച്ചു.
ഇത്തരമൊരു മിസൈൽ ആക്രമണം നടത്തിയാൽ പാകിസ്ഥാൻ അതിനോട് ഏത് രീതിയിൽ പ്രതികരിക്കുമെന്നും അവരുടെ ഡിഫൻസ് സിസ്റ്റത്തെകുറിച്ച് മനസിലാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. രണ്ടാമതായി പാകിസ്ഥാന്റെ അതിർത്തികളിലും മറ്റുമായി സ്ഥാപിച്ചിട്ടുള്ള റഡാറുകളുടെ കൃത്യതയും ഇന്ത്യയിൽ നിന്നുള്ള മിസൈലുകളെ അവ കണ്ടുപിടിക്കുമോ എന്ന് മനസിലാക്കാനും ഇന്ത്യയുടെ പ്രതിരോധ വിഭാഗത്തിന് സാധിച്ചു. ഇന്ത്യയിൽ നിന്നുള്ള മിസൈൽ പാകിസ്ഥാനിലെ ഒരു റഡാറും കണ്ടെത്തിയിരുന്നില്ല.
ഏറ്റവും പ്രധാനമായ കാര്യം – പാകിസ്ഥാനിലെ എയർ ഡിഫൻസ് സിസ്റ്റത്തിന്റെ പരിമിതികൾ എന്തൊക്കെയെന്ന് ഇന്ത്യക്കു മനസിലാക്കാനും സാധിച്ചു.പാകിസ്ഥാനിൽ വിന്യസിച്ചിട്ടുള്ള എയർ ഡിഫൻസ് സിസ്റ്റമായ എച്ച് ക്യു 9 ചൈന പാകിസ്ഥാന് നൽകിയതാണ്. എച്ച് ക്യൂ 9ന്റെ അടുത്തുകൂടെ പോയിട്ടും ഇന്ത്യയുടെ മിസൈൽ അതിന് നശിപ്പിക്കാൻ സാധിച്ചില്ലെന്നത് ഇന്ത്യയെ സംബന്ധിച്ച് മേൽക്കൈ നൽകുന്ന കാര്യമാണ്. ഉക്രൈൻ -റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ അതീവ ജാഗ്രതയിലാണ് ഉള്ളതെന്നതിന്റെ തെളിവും കൂടിയാണ് ഇത്. ഏതു സാഹചര്യവും നേരിടാൻ ഇന്ത്യ തയ്യാറാണെന്നും വൃത്തങ്ങൾ അറിയിച്ചിരുന്നു.
Post Your Comments