ഇസ്ലാമാബാദ് : പാകിസ്ഥാനിൽ സൂപ്പർ സോണിക് മിസൈൽ പതിച്ച സംഭവത്തിൽ, പാക് സംയമനം പാലിക്കുകയായിരുന്നുവെന്നും അതിനാൽ പ്രശ്നം ഗുരുതരമായില്ലെന്നും പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യ, വിഷയത്തിൽ ഔദ്യോഗികമായി വിശദീകരണം നൽകിയെന്നും വിഷയത്തിൽ പ്രതികരിക്കാമായിരുന്നുവെങ്കിലും യാഥാർഥ്യം മനസിലാക്കി പാകിസ്ഥാൻ സംയമന നിലപാട് സ്വകരിക്കുകയായിരുന്നുവെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു.
മാർച്ച് ഒമ്പതിനാണ്, ഇന്ത്യൻ സൂപ്പർസോണിക് മിസൈൽ പാകിസ്ഥാൻ മണ്ണിൽ പതിച്ചത്. പാക് പഞ്ചാബിലെ ഹാഫിസാബാദ് ജില്ലയിൽ പൊതു റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു ഇമ്രാൻ ഖാന്റെ പ്രതികരണം. ലാഹോറിൽ നിന്ന് 275 കിലോമീറ്റർ അകലെ മിയാൻ ചന്നുവിനടുത്തുള്ള ഒരു കോൾഡ് സ്റ്റോറേജ് വെയർഹൗസിലാണ് മിസൈൽ പതിച്ചത്. സംഭവത്തിൽ, പ്രതിരോധ മന്ത്രാലയം ഖേദം പ്രകടിപ്പിച്ചിരുന്നു. മിസൈൽ പാകിസ്ഥാനിലേക്ക് വിക്ഷേപിച്ചത് സാങ്കതിക പിഴവാണെന്നും പ്രതിരോധമന്ത്രാലയം വിശദീകരിച്ചു.
മിസൈൽ പാകിസ്ഥാനിൽ പതിച്ചു എന്ന് മനസ്സിലായി. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നു. അപകടത്തിൽ, ആരുടെയും ജീവനു ഭീഷണി ഉണ്ടായില്ല എന്നത് ആശ്വാസകരമാണെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം, ഇന്ത്യയിൽ നിന്ന് ഒരു മിസൈൽ പാകിസ്ഥാനിൽ വീണതായി പാക് സായുധ സേനയും സ്ഥിരീകരിച്ചിരുന്നു. മിസൈൽ പതിച്ച പ്രദേശത്തെ ഒരു മതിൽ തകർന്നതായും പാകിസ്ഥാൻ ചൂണ്ടിക്കാട്ടിയിരുന്നു. ഹരിയാനയിലെ സിർസ വ്യോമതാവളത്തിൽ നിന്ന് കുതിച്ചുയർന്ന ഇന്ത്യയുടെ സൂപ്പർ സോണിക് മിസൈലാണ് പാകിസ്ഥാനിൽ പതിച്ചത്.
Post Your Comments