ഇസ്ലാമാബാദ് : പാകിസ്ഥാനിലേക്ക് ഇന്ത്യയില്‍ നിന്നും മിസൈല്‍ വന്നത് അബദ്ധത്തിലല്ലെന്ന് പാക് മാധ്യമങ്ങള്‍ . സാങ്കേതികമായ അശ്രദ്ധ മൂലം മിസൈൽ വിക്ഷേപിച്ചതായി ഇന്ത്യ സമ്മതിച്ചതിന് പിന്നാലെ, സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉടനടി അറിയിക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് അറിയണമെന്നാണ് പാകിസ്ഥാൻ ആവശ്യപ്പെടുന്നത്. ഇന്ത്യയുടെ ‘ലളിതമായ വിശദീകരണത്തിലൂടെ’ വിഷയം പരിഹരിക്കാൻ കഴിയില്ലെന്നാണ് പാക് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന.
അതേസമയം, ഇത് തങ്ങളുടെ രാജ്യത്തിന് ഏറ്റ അപമാനകരമായ കാര്യമാണെന്ന് പാക് ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐഎസ്പിആര്‍) ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ബാബര്‍ ഇഫ്തിഖര്‍ പറഞ്ഞു . 366 കിലോമീറ്റര്‍ ദൂരത്തുനിന്നാണ് മിസൈല്‍ എത്തിയത്. പാകിസ്ഥാന്റെ അതിര്‍ത്തി കടന്ന് 108 കിലോമീറ്റര്‍ ഉള്ളിലേക്ക് മിസൈല്‍ എത്തി. ഇത് ബ്രഹ്‌മോസ് മിസൈലാണെന്നും ബാബര്‍ ഇഫ്തിഖര്‍ ആരോപിച്ചു.
എന്നാൽ, ഇന്ത്യ ഔദ്യോഗിക വിശദീകരണം ഇറക്കിയപ്പോള്‍ മാത്രമാണ് മിസൈല്‍ തങ്ങളുടെ രാജ്യത്ത് എത്തിയ കാര്യം ഭരണാധികാരികള്‍ അറിഞ്ഞതെന്നാണ് പാക് മാധ്യമങ്ങൾ പറയുന്നത് . മിസൈല്‍ പ്രതിരോധ സംവിധാനം ഇന്ത്യ ടെസ്റ്റ് ചെയ്തതാണ് എന്നും മാധ്യമങ്ങള്‍ ആരോപിക്കുന്നുണ്ട്.
Post Your Comments