ചെന്നൈ : തമിഴ് സിനിമ താരം വിജയ്‌യുടെ ചെന്നൈ സാലിഗ്രാമിലെ വീട്ടിൽ ബോംബ് വെച്ചതായി പൊലീസ് മാസ്റ്റർ കൺട്രോൾ റൂമിലേക്ക് അജ്ഞാത ഫോൺ സന്ദേശം. തുടർന്ന് അർധരാത്രി മുഴുവൻ നടത്തിയ തിരച്ചിലിനൊടുവിൽ ബോംബ് ഭീഷണി വ്യാജമാണെന്നു കണ്ടെത്തി. സംഭവത്തിൽ വിളിച്ച മൊബൈൽ നമ്പർ പിന്തുടർന്നുള്ള അന്വേഷണത്തില്‍ വില്ലുപുരം ജില്ലയിൽനിന്നു മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ പിടികൂടി.
21 കാരനായ യുവാവ് മുന്‍പും ഇത്തരം ഫോൺ വിളികൾ നടത്തിയിട്ടുണ്ടെന്നു മരക്കാനം ഇൻസ്പെക്ടർ പറഞ്ഞു. മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത, പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി, പുതുച്ചേരി ഗവർണർ കിരൺ ബേദി എന്നിവരെ ഇയാൾ വിളിച്ചിട്ടുണ്ട്. 100ൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ശേഷം ഫോൺ വയ്ക്കും. കുറ്റം സ്വയം ചെയ്തതായി യുവാവ് സമ്മതിച്ചു.
സ്വന്തമായി ഫോണില്ലാത്ത യുവാവ് കുടുംബാംഗത്തിന്റെ മൊബൈൽ ഫോൺ വഴിയാണ് വിളിച്ച് ഭീഷണിപ്പെടുത്തുന്നത്. സംഭവത്തിൽ യുവാവിനെ താക്കീത് നൽകി വിട്ടയച്ചതായും ഇൻസ്പെക്ടർ പറഞ്ഞു. ജൂൺ ആദ്യം നടൻ രജനീകാന്തിന്റെ ചെന്നൈയിലെ പോയസ് ഗാർഡൻ വസതിക്കും സമാനമായ ഭീഷണി ഉണ്ടായിരുന്നു. എന്നാൽ ഇത് പിന്നീട് വ്യാജമാണെന്ന് തെളിഞ്ഞു.
Post Your Comments