ബസ്തര്‍: ഛത്തീസ്ഗഡിലെ ബസ്തറില്‍ റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിത ഐഇഡി ബോംബുകള്‍ കണ്ടെത്തി. ഛത്തീസ്ഗഡ് ആംഡ് ഫോഴ്‌സും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് പുതിയ തരം ഐഇഡി ബോംബുകള്‍ കണ്ടെത്തിയത്. മേഖലയില്‍ നിന്നും റിമോട്ട് കണ്‍ട്രോള്‍ നിയന്ത്രിത ഐഇഡികള്‍ ഇത് ആദ്യമായാണ് കണ്ടെത്തുന്നതെന്ന് ദന്തേവാഡ എസ്പി അഭിഷേക് പല്ലവ അറിയിച്ചു. റോഡ് നിര്‍മാണത്തിന് സുരക്ഷ ഒരുക്കുന്ന മുന്നൂറിലധികം സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘമാണ് ഓപ്പറേഷന്‍ ഏറ്റെടുത്തത്.
സാധാരണക്കാരെപ്പോലെ മേഖലയില്‍ അലഞ്ഞുതിരിയുന്ന 3, 4 വ്യക്തികളെക്കുറിച്ച് സംശയം തോന്നിയതോടെ നടത്തിയ തെരച്ചിലിലാണ് 4 മുതല്‍ 5 കിലോഗ്രാം വരെ ഭാരം വരുന്ന 4 ഐഇഡികള്‍ കണ്ടെത്തിയത്. വലിയ അപകടമാണ് ഇതിലൂടെ ഒഴിവാക്കിയത്. സൈനികര്‍ കൂടുതല്‍ ജാഗ്രത പാലിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇതിനു പുറമെ, നിരവധി പെട്രോള്‍ ബോംബുകളും കണ്ടെത്തിയിട്ടുണ്ട്.
സമീപത്തുള്ള ഒരു മരത്തില്‍ ഘടിപ്പിച്ച ആന്റിനയും 12 വോള്‍ട്ട് ബാറ്ററികളുമായി ഐഇഡികളെ ബന്ധിപ്പിച്ചിരിക്കുകയായിരുന്നെന്നും ഐഇഡികള്‍ക്ക് സമീപം സ്ഥാപിച്ച പെട്രോള്‍ ബോംബുകളും സംയോജിപ്പിച്ച് ഉപയോഗിക്കുന്നത് സുരക്ഷാ സേനയ്ക്ക് ഗുരുതരമായ നാശനഷ്ടമുണ്ടാക്കുമായിരുന്നു എന്നും അഭിഷേക് പല്ലവ വ്യക്തമാക്കി.
Post Your Comments