രാജ്നന്ദ്ഗാവ്: ദന്തേവാഡയിലെ ബിജെപി എംഎല്‍എ ഭീമ മണ്ഡാവിയുടെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാർ അന്വേഷണം കേസ് അട്ടിമറിക്കാൻ ആണെന്നും അദ്ദേഹം പറഞ്ഞു. രാജ്നന്ദ്ഗാവില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത്ഷാ.
സംഭവത്തെ കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് മണ്ഡാവിയുടെ ഭാര്യ ആവശ്യപ്പെട്ടതായി അമിത്ഷാ പറഞ്ഞു.ചൊവ്വാഴ്ചയാണ് ക്വകൊണ്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശ്യാംഗിരിയില്‍ ഉണ്ടായ മാവോയിസ്ററ് ആക്രമണത്തില്‍ മണ്ഡാവിയും നാല് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പിന് രണ്ടു ദിവസം ശേഷിക്കെയാണ് ആക്രമണം ഉണ്ടായത്. ഐഇഡി( ഇംപ്രൊവൈസ്ഡ് എക്സ്പ്ലൊസീവ് ഡിവൈസ്) ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം സിപിഐ മാവോയിസ്റ്റ് ഏറ്റെടുത്തിരുന്നു. 55 വര്‍ഷം അധികാരത്തിലിരുന്നിട്ടും കോണ്‍ഗ്രസ് ജനങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്തില്ലെന്ന് അമിത്ഷാ ആരോപിച്ചു. കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോള്‍ ഭീകരര്‍ ജവാന്മാരുടെ തല കൊയ്തിട്ടും കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. 40 സിആര്‍പിഎഫ് ജവാന്മാരുടെ കൊലപാതകത്തിന് കാരണമായ പുല്‍വാമ ആക്രമണത്തിന് മോദി സര്‍ക്കാര്‍ കൃത്യമായ മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിലും ഒരു പ്രധാനമന്ത്രി വേണമെന്നാണ് ഒമര്‍ അബ്ദുള്ള അഭിപ്രായപ്പെട്ടത്. എന്നാല്‍ അവസാനത്തെ ബിജെപി പ്രവര്‍ത്തകന്‍വരെ ജീവിച്ചിരിക്കുന്നിടത്തോളം കശ്മീരിലെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്താനാവില്ല. രാഹുല്‍ഗാന്ധി ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്.ഒമര്‍ അബ്ദുള്ളയുടെ പ്രസ്താവനയെ പിന്തുണയ്ക്കുന്നുവോയെന്ന് രാഹുല്‍ വ്യക്തമാക്കണമെന്നും മഹാസഖ്യം വക്രബുദ്ധികളുടെ സഖ്യമാണെന്നും അദ്ദേഹം പരിഹസിച്ചു.
Post Your Comments