ലണ്ടന്‍: കോവിഡ് -19 മൂലം ഫുട്ബോള്‍ ലീഗുകള്‍ അനിശ്ചിതമായി നിര്‍ത്തിവച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ യൂറോപ്യന്‍ ഫുട്ബോള്‍ ലീഗുകള്‍ക്ക് അന്തിമ തീരുമാനമെടുക്കാന്‍ മേയ് 25 വരെ സമയം നല്‍കി യുവേഫ. നിലവില്‍ എല്ലാ ലീഗ് മത്സരങ്ങളും നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ മുടങ്ങിക്കിടക്കുന്ന ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ് സീസണുകള്‍ ജൂലൈയിലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ജൂണ്‍ എട്ടിനും പുനരാരംഭിക്കാന്‍ തീരുമാനമായെന്നാണു സൂചന. വെള്ളിയാഴ്ച നടക്കുന്ന ക്ലബ് അധികൃതരുടെ യോഗത്തിനു ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കും.
ജൂണ്‍ എട്ടിനു തുടങ്ങി ജൂലൈയില്‍ പൂര്‍ത്തിയാക്കുന്ന തരത്തില്‍ മത്സരങ്ങള്‍ പുനക്രമീകരിക്കാനാണു തീരുമാനം. മേയ് 18 വരെ പരിശീലനം നടത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. പ്രീമിയര്‍ ലീഗും ക്ലബ് ഉടമകളും തമ്മില്‍ വെള്ളിയാഴ്ച നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷം അന്തിമ തീരുമാനമുണ്ടാകും. ആഴ്സണല്‍, എവര്‍ടണ്‍, ടോട്ടന്‍ഹാം ഹോട്ട്്‌സ്പര്‍ തുടങ്ങിയ ക്ലബുകള്‍ താരങ്ങളെ ഗ്രൂപ്പുകളായി തിരിച്ച് സാമൂഹിക അകലം പാലിച്ചു സര്‍ക്കാരിന്റെ നിയമങ്ങള്‍ പാലിച്ച് പരിശീലനം നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ലണ്ടന്‍ കോളനി ട്രെയിനിങ് ഗ്രൗണ്ടിലാണ് ആഴ്സണല്‍ താരങ്ങള്‍ പരിശീലനം തുടങ്ങിയത്. കര്‍ശനമായി സാമൂഹിക അകലം പാലിച്ചാണു താരങ്ങളുടെ പരിശീലനമെന്ന് ആഴ്സണല്‍ വക്താവ് പറഞ്ഞു. ആഴ്സണലിന്റെ മൈക്കിള്‍ ആര്‍ട്ടെറ്റയ്ക്കു കോവിഡ് -19 വൈറസ് ബാധയുണ്ടായെങ്കിലും പിന്നീട് ഭേദമായി. ടോട്ടന്‍ഹാമും ഇതേ നിര്‍ദേശങ്ങള്‍ തന്നെയാണ് താരങ്ങള്‍ക്കു മുന്നില്‍ വച്ചിരിക്കുന്നത്.
ലീഗ് പുനരാരംഭിച്ചാലും കാണികളെ ഉടന്‍ സ്റ്റേഡിയങ്ങളില്‍ പ്രവേശിപ്പിക്കില്ല. അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ മത്സരം നടത്തുന്നതു സാമ്പത്തിക നഷ്ടമുണ്ടാക്കുമെങ്കിലും താരങ്ങളുടെ സുരക്ഷയ്ക്കു പ്രഥമ പരിഗണന നല്‍കുന്നതിനാലാണ് ഇത്. വൈറസ് വ്യാപനം കൂടുതലായി ബാധിച്ച രാജ്യങ്ങളിലൊന്നായ ഇറ്റലിയില്‍ സീരി എ ലീഗ് പുനരാരംഭിക്കുന്നതില്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി കോണ്ടെയും പ്രഖ്യാപനം നടത്തിയിരുന്നു. മേയില്‍ തന്നെ പരിശീലനം പുനരാരംഭിക്കാമെന്നും സുരക്ഷാ മാനദണ്ഡങ്ങളും സാമൂഹിക അകലം പാലിച്ചുമാകണം പരിശീലനമെന്നും അദ്ദേഹം വ്യക്തമാക്കി.
ബുണ്ടസ് ലീഗാ മേയ് ഒന്‍പതിനു പുനരാരംഭിക്കുമെന്നാണു സൂചന. ക്ലബ്ബുകള്‍ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. മേയ് അവസാനത്തോടെ പോളണ്ടിലെ ഫുട്ബോള്‍ മത്സരങ്ങള്‍ പുനരാരംഭിക്കും. പോളണ്ട് ലീഗായ എക്സ്ട്രാക്ലാസ മേയ് 29 മുതല്‍ നടത്താനാണു തീരുമാനം. മാര്‍ച്ച് മധ്യത്തിലാണു പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ നിര്‍ത്തിവച്ചത്. മാര്‍ച്ച് എട്ടിനാണ് ഇറ്റലിയിലെ എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവെക്കുന്നത്.
Post Your Comments