Latest NewsFootballNewsSports

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് തീപ്പാറും പോരാട്ടങ്ങൾ: യുണൈറ്റഡും ആഴ്‌സണലും നേർക്കുനേർ, ജയം തുടരാൻ സിറ്റി വൂൾവ്സിനെതിരെ

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് സൂപ്പർ സൺഡേയിൽ ഇന്ന് തീപ്പാറും പോരാട്ടങ്ങൾ. ലീഗിലെ ഒന്നാം സ്ഥാനക്കാരായ ആഴ്‌സണൽ മൂന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും. ആഴ്സണലിന്‍റെ തട്ടകത്തിൽ രാത്രി 10നാണ് മത്സരം. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്കും ഇന്ന് മത്സരമുണ്ട്.

കിരീടത്തിലേക്കുള്ള യാത്രയിൽ ഇരു ടീമിനും ഏറെ നിർണായകമാണ് ഇന്നത്തെ മത്സരം. 18 കളിയിൽ 47 പോയിന്‍റുമായാണ് ആഴ്‌സണൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. 19 കളിയിൽ 39 പോയിന്‍റുമായി യുണൈറ്റഡ് മൂന്നാം സ്ഥാനത്തും തുടരുന്നു. ലീഡ് നിലനിർത്തുന്നതിനായി ജയത്തിൽ കുറഞ്ഞതൊന്നും കോച്ച് അർട്ടേറ്റ പ്രതീക്ഷിക്കുന്നില്ല.

എമിറേറ്റ്സ് സ്റ്റേഡിയത്തിൽ സ്വന്തം കാണികളുടെ ആരവം കൂടിയാവുമ്പോൾ ആഴ്സണലിന്‍റെ പോരാട്ടവീര്യം ഇരട്ടിയാവും. പ്രീമിയർ ലീഗിൽ യുണൈറ്റഡിനെതിരായ അവസാന ഏഴ് ഹോം മത്സരത്തിൽ അഞ്ചിലും ആഴ്‌സണലിനായിരുന്നു ജയം. ഇരു ടീമും അവസാനം ഏറ്റുമുട്ടിയത് സെപ്റ്റംബറിൽ യുണൈറ്റഡിന്‍റെ മൈതാനത്താണ്.

അന്ന് റാഷ്ഫോർഡിന്‍റെ ഇരട്ട ഗോൾ കരുത്തിൽ യുണൈറ്റഡ് ഒന്നിനെതിരെ മൂന്ന് ഗോളിന് ആഴ്സണലിനെ വീഴ്ത്തി. അതേസമയം, സൂപ്പർ താരം കാസിമിറോ ഇല്ലാതെയാവും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങുക. സസ്പെൻഷനിലായ കാസിമിറോയ്ക്ക് പകരം ഫ്രെഡ് ആദ്യ ഇലവനിലെത്തും. മാർക്കസ് റാഷ്ഫോർഡ്, ബ്രൂണോ ഫെർണാണ്ടസ്, ആന്‍റണി എന്നിവരുടെ ഫോമിലാണ് യുണൈറ്റഡ് ആരാധകരുടെ പ്രതീക്ഷ.

Read Also:- തലമുടി വളരാന്‍ മികച്ച ഭക്ഷണങ്ങള്‍ ഇവ

ലീഗിലെ മറ്റൊരു മത്സരത്തിൽ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിഇന്ന് വൂൾവ്സിനെ നേരിടും. സിറ്റിയുടെ മൈതാനത്ത് വൈകിട്ട് 7.30നാണ് മത്സരം. ആഴ്സണലിനെക്കാൾ ഒരു മത്സരം കൂടുതൽ കളിച്ച സിറ്റി അഞ്ച് പോയിന്‍റ് പിന്നിലാണിപ്പോൾ. അവസാന അഞ്ച് കളിയിൽ വൂൾവ്സിനെതിരെ ഏറ്റുമുട്ടിയപ്പോഴും സിറ്റിക്കായിരുന്നു ജയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button