ദുബായ്: പ്രവാസികള്‍ കൂടുതലായും ആശ്രയിക്കുന്ന യുഎഇ എക്സ്ചേഞ്ച് ഇടപാടുകള്‍ നിര്‍ത്തിവെച്ചു . നിര്‍ത്തിവെച്ചതിനു പിന്നില്‍ കൊറോണയല്ല… കാരണം പുറത്തുവിട്ട് അധികൃതര്‍
പ്രവാസികള്‍ പ്രധാനമായും ആശ്രയിക്കുന്ന ധനവിനിമയ സ്ഥാപനമായ യുഎഇ എക്സ്ചേഞ്ചിന്റെ ഗള്‍ഫിലെ പ്രവര്‍ത്തനമാണ് നിര്‍ത്തിവച്ചിരിക്കുന്നത്. വിവിധ ശാഖകളും ഓണ്‍ലൈന്‍ ഇടപാടുകളും താത്കാലികമായി നിര്‍ത്തിവെയ്ക്കുന്നെന്ന് ബിആര്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള കമ്പനി തന്നെയാണ് അറിയിച്ചിരിക്കുന്നത്. പ്രവര്‍ത്തന വെല്ലുവിളികള്‍ നേരിടുന്നതിനാല്‍ നിര്‍ത്തുന്നതായാണ് അധികൃതരുടെ വിശദീകരണം. പുതിയ ഇടപാടുകള്‍ സ്വീകരിക്കുന്നില്ലെങ്കിലും നിലവിലെ ഇടപാടുകള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ശ്രമം നടത്തുകയാണെന്നും കമ്പനി അറിയിച്ചു.
ഉപയോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ ക്ഷമ ചോദിക്കുന്നുവെന്ന് അറിയിച്ച കമ്പനി അധികൃതര്‍ യുഎഇ എക്സ്ചേഞ്ചിന്റെ ശാഖകള്‍ തുറന്നു നിലവിലെ ഇടപാടുകാര്‍ക്ക് വേണ്ട സഹായം നല്‍കുമെന്നും സ്വകാര്യ മാധ്യമത്തോട് കമ്പനി വക്താവ് പ്രതികരിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് പണമയക്കാന്‍ പ്രവാസികളുടെ ആശ്രയ കേന്ദ്രമായ യുഎഇ എക്സ്ചേഞ്ചിന് ഇന്ത്യയിലും ശാഖകളുണ്ട്. അടുത്തിടെ ബിആര്‍ ഷെട്ടിയുടെ കീഴിലുള്ള എന്‍എംസി ഹെല്‍ത്ത് ഗ്രൂപ്പ് പ്രശ്നങ്ങളില്‍പ്പെട്ടിരുന്നു. യുഎഇയിലെ പ്രമുഖ സ്വകാര്യ ആശുപത്രി ശൃംഖലയായ എന്‍എംസി ഹെല്‍ത്തിന്റെ ഓഹരിയുടെ വലുപ്പം തെറ്റായി വെളിപ്പെടുത്തിയെന്ന ആരോപണത്തിന് പിന്നാലെ യുഎഇ എക്സ്ചേഞ്ചിന്റെയും എന്‍എംസി ഹെല്‍ത്തിന്റെയും സ്ഥാപകനും നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍മാനുമായ ബിആര്‍ ഷെട്ടി ഗ്രൂപ്പിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാജിവെച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. ഇതിനുപിന്നാലെയാണ് യുഎഇ എക്സ്ചേഞ്ചിന്റെ പ്രവര്‍ത്തനവും നിര്‍ത്തിയിരിക്കുന്നത്.
Post Your Comments