കായംകുളം: എസ്.ബി.ഐ കായംകുളം ശാഖയിൽ 36,500 രൂപയുടെ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ഒരാളെ കൂടി ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. കണ്ണൂർ ഇരിട്ടി മീത്തല പുന്നാട് ചാലിൽ വെള്ളുവ വീട്ടിൽ നിന്ന് വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി ചെട്ടി ക്വാർട്ടേഴ്സിൽ വാടകക്ക് താമസിക്കുന്ന അജേഷാണ് (38) അറസ്റ്റിലായത്. സംഭവത്തിൽ നേരത്തേ 10 പ്രതികൾ അറസ്റ്റിലായിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കായംകുളത്തു നിന്ന് കള്ളനോട്ട് സംഘം പിടിയിലായത്. ഇയാളാണ് പ്രതികൾക്ക് കള്ളനോട്ട് പങ്കിട്ട് എടുക്കുന്നതിന് എറണാകുളത്ത് സൗകര്യം ഒരുക്കി നൽകിയത്. 10 ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകൾ ഇതിനായി ലഭിച്ചെന്ന് ഇയാൾ സമ്മതിച്ചതായി ക്രൈംബ്രാഞ്ച് സംഘം പറഞ്ഞു. 30 ലക്ഷത്തോളം രൂപയുടെ ഇടപാടുകൾ നടത്തിയിരുന്നതായി കണ്ടെത്തിയിരുന്നു.
കായംകുളം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഡിവൈ.എസ്.പി ആർ. സുരേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജയസിംഹൻ, ഷിനോയി എന്നിവർ കണ്ണൂർ ഉരത്തൂരുള്ള ചെങ്കൽ ക്വാറിയിൽ നിന്നാണ് അജേഷിനെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കും
Post Your Comments