ന്യൂഡല്‍ഹി: കോവിഡ് മൂന്നാംഘട്ടത്തില്‍ സമൂഹവ്യാപനം തടയാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രോഗനിര്‍ണയ കേന്ദ്രങ്ങള്‍ സജ്ജീകരിക്കുന്നതില്‍ ഇന്ത്യ ഇതര രാജ്യങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. വൈറസ് ബാധ സംശയിക്കുന്നവരെ യഥാസമയം പരിശോധിക്കാനും തുടര്‍നടപടി സ്വീകരിക്കാനും കൂടുതല്‍ കേന്ദ്രങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്ഥാപിക്കണം. അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനങ്ങളെ കേന്ദ്രം സഹായിക്കണം. ആരോഗ്യമേഖലയ്ക്കുള്ള ബജറ്റ് വിഹിതം ഉയര്‍ത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത 30 ദിവസം ഇക്കാര്യത്തില്‍ നിര്‍ണായകമാണെന്നാണ് ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ ഘട്ടത്തില്‍ സംഭവിക്കാനിടയുള്ള കാര്യങ്ങള്‍ നേരിടാന്‍ അടിയന്തര പദ്ധതിക്കും ഫണ്ടിനും രൂപം നൽകണം. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും മറ്റും സംസ്ഥാന ദുരന്തനിവാരണ ഫണ്ട് വിനിയോഗിക്കാന്‍ അനുമതി നല്‍കിയ വിജ്ഞാപനം തിരുത്തിയ നടപടി അപലപനീയമാണെന്നും യെച്ചൂരി കൂട്ടിച്ചേർത്തു
Post Your Comments