ന്യൂഡല്‍ഹി: ഗുജറാത്തില്‍ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് ഗര്‍ബ നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് പത്തു പേര് മരിച്ചിരുന്നു.
ഇതുനുപിന്നാലെ കോവിഡ് ഗുരുതരമായി ബാധിച്ചിരുന്നവര്‍ കഠിന വ്യായാമങ്ങളും കഠിന ജോലികളും കുറച്ചു കാലത്തേയ്ക്ക് ഒഴിവാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ നിര്‍ദ്ദേശവും നല്കി.
Read Also: കാണിക്ക വഞ്ചികൾ കുത്തിത്തുറന്ന് മോഷണം: പ്രതികൾ അറസ്റ്റിൽ
ഇതിനെക്കുറിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അടുത്തിടെ വിശദമായ പഠനം നടത്തിയിരുന്നു. തുടര്‍ന്ന് കോവിഡ് രോഗം ഗുരുതരമായി ബാധിച്ചവര്‍ അധ്വാനമുള്ള ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ശുപാര്‍ശ ചെയ്തു.
”തുടര്‍ച്ചയായ അധ്വാനം, കഠിനമായ വ്യായാമം എന്നിവയില്‍ നിന്ന് അവര്‍ ഒരു നിശ്ചിത കാലത്തേക്ക്, അതായത് ഒന്നോ രണ്ടോ വര്‍ഷത്തേക്ക് വിട്ടുനില്‍ക്കണം. അതുവഴി ഹൃദയാഘാതം തടയാന്‍ കഴിയും’എന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത്. ഇനി കോവിഡും ഹൃദയാഘാതവും തമ്മിലുള്ള ബന്ധം എന്താണെന്ന് പരിശോധിക്കാം.
കോവിഡും സാര്‍സ്-കോവി-2 പോലുള്ള കോവിഡിന്റെ വകഭേദങ്ങളും രക്തധമനിയുടെ കോശങ്ങളെ ബാധിക്കുന്നതിനാല്‍ ഇതുവഴി ഹൃദയാഘാതത്തിനുള്ള സാധ്യത വര്‍ദ്ധിക്കുമെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ കണ്ടെത്തല്‍. ഇതിന്റെ ഫലമായി രക്തധമനികള്‍ ദൃഢമാവുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങുന്നത് വഴി നീരുകെട്ടി അത് ഹൃദയാഘാതത്തിലേക്ക് നയിക്കാം എന്നും ചൂണ്ടിക്കാണിക്കുന്നു. കൂടാതെ ഹൃദയാഘാതം ഉള്‍പ്പെടെയുള്ള ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് കോവിഡ് കാരണമാകുമെന്ന് നേരത്തെ തന്നെ മറ്റു ഗവേഷകരും ഡോക്ടര്‍മാരും സൂചന നല്‍കിയിരുന്നു.
കോവിഡ് ബാധിച്ചതിന് ശേഷമുള്ള വര്‍ഷത്തില്‍ ആളുകള്‍ക്ക് ഹൃദയ സംബന്ധമായ എല്ലാ രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും പഠനങ്ങള്‍ പറയുന്നു. ഇത് ആളുകള്‍ക്ക് സ്ട്രോക്ക് ഉണ്ടാക്കാനുള്ള സാധ്യത ഒന്നര മടങ്ങാണ് വര്‍ദ്ധിപ്പിക്കുന്നത്. കൂടാതെ കോവിഡിന് ശേഷം ആളുകള്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയായും പ്രതീക്ഷിക്കാം.
എന്നാല്‍ രക്താതിസമര്‍ദ്ദം നേരിടുന്ന രോഗികളിലാണ് കോവിഡിന് ശേഷമുള്ള ഹൃദ്യയാഘാതം കൂടുതലായി കണ്ടെത്തിയതെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. അതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഇതില്‍ ഒരു പ്രധാന ഘടകമായി മാറുന്നുണ്ട്. അതേസമയം കോവിഡ് എങ്ങനെയാണ് ഹൈപ്പര്ടെന്ഷന് കാരണമാകുന്നതെന്ന് വിശദീകരിക്കാന്‍ ഇതുവരെ പഠനങ്ങള്‍ക്കോ ഡോക്ടര്‍മാര്‍ക്കോ സാധിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം.
അതേസമയം കോവിഡിന് ശേഷം ഇന്ത്യയില്‍ ഹൃദ്യോഗങ്ങള്‍ വലിയ രീതിയില്‍ വര്‍ധിച്ചുവരികയാണ് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഹൃദയാഘാതം മൂലമുള്ള മരണങ്ങളുടെ എണ്ണം സ്ഥിരമായി 25,000-ത്തിലധികവും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 28,000-ത്തിലധികവുമാണെന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത് . കൂടാതെ ഇന്ത്യയിലെ 322 ജില്ലകളിലായി നടത്തിയ സര്‍വേയില്‍, 72 ശതമാനം ആളുകളിലും 2020 മാര്‍ച്ചിനുശേഷം മസ്തിഷ്കാഘാതം, ഹൃദയസ്തംഭനം, ഹൃദയാഘാതം, കാന്‍സര്‍ തുടങ്ങിയ രോഗവസ്ഥകള്‍ അധികമായതായും കണ്ടെത്തി.
2022 ഒക്ടോബര്‍ മുതല്‍ 2023 ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ഇത്തരം കേസുകളില്‍ 21 ശതമാനത്തിന്റെ അധിക വര്‍ദ്ധനയും സര്‍വേയില്‍ നിരീക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ഇന്ത്യയിലെ മാത്രം സാഹചര്യമല്ല എന്നതാണ് വാസ്തവം. കോവിഡിന് ശേഷം അമേരിക്കയില്‍ 1,43,787 ഹൃദയാഘാത മരണങ്ങള് ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് 25-44 വരെ പ്രായമുള്ള ആളുകളില്‍ 29.9 ശതമാനവും 45-64 വയസ്സ് വരെ പ്രായമുള്ളവരില്‍ 19.6 ശതമാനവും 65 വയസും അതില്‍ കൂടുതലുമുള്ള ആളുകളില്‍ 13.7 ശതമാനവും വര്‍ദ്ധിച്ചു.
യുകെയിലാകട്ടെ കോവിഡ് ആരംഭിച്ചതിനു ശേഷം ഏകദേശം 100,000 അധിക മരണങ്ങള് സംഭവിച്ചതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഹൃദ്രോഗം, ഹൃദയാഘാതം എന്നിവ മൂലം ആഴ്ചയില്‍ 500-ലധികം ആളുകള്‍ അധികമായി മരണപ്പെടുന്നതായും സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2020 മാര്‍ച്ച് മുതല്‍ യുകെയില്‍ 96,540 ഹൃദയ സംബന്ധമായ മരണങ്ങള് ഉണ്ടായിട്ടുണ്ടെന്നാണ് വിവരം.
Post Your Comments