ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിന് മുന്നോടിയായി വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്, ബി.ജെ.പി. നേതാക്കളായ അനുരാഗ് താക്കൂര്‍, കപില്‍ മിശ്ര തുടങ്ങിയവര്‍ക്കു ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു. ഡല്‍ഹി സര്‍ക്കാരിനും ഡല്‍ഹി പോലീസ് കമ്മിഷണര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കലാപ കേസുകള്‍ പരിഗണിക്കുന്നത് ഹൈക്കോടതി മാര്‍ച്ച് 20 ലേക്ക് മാറ്റി.
അതേസമയം, കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ ഇതു വരെ 712 എഫ്.ഐ.ആറുകള്‍ രജിസ്‌റ്റര്‍ ചെയ്‌തതായി പോലീസ് കോടതിയെ അറിയിച്ചു. കലാപത്തിനിടെ ഹെഡ് കോണ്‍സ്‌റ്റബിള്‍ രത്തന്‍ ലാല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്നലെ ഏഴ് പേര്‍ അറസ്‌റ്റിലായി. അഴുക്ക് ചാലില്‍നിന്ന് നാലു മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ നാലുപേരെ പിടികൂടി.അതേസമയം കലാപക്കേസിന്റെ അന്വേഷണത്തില്‍ പുറമേനിന്നുള്ള ഇടപെടലുകളുണ്ടാകില്ലെന്നും കുറ്റക്കാരെ നിയമത്തിനു മുന്നിലെത്തിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാര്‍ മാതൃകാപരമായി നിറവേറ്റുമെന്നും അമിത് ഷാ രാജ്യസഭയില്‍ ഉറപ്പുനല്‍കി.
കലാപത്തിന് പിന്നിലുള്ളവര്‍ ആരാണെങ്കിലും വെറുതേവിടില്ലെന്നു ബുധനാഴ്‌ച ലോക്‌സഭയില്‍ അദ്ദേഹം വ്യക്‌തമാക്കിയിരുന്നു.വാഹനങ്ങള്‍ക്ക് കയറാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള ചെറിയ ഇടവഴികള്‍ നിരവധിയുള്ള പ്രദേശങ്ങള്‍ പോലീസിന്റെ ജോലി കഠിനമാക്കി. എങ്കിലും 36 മണിക്കൂര്‍ കൊണ്ട് കലാപം നിയന്ത്രിക്കാന്‍ പോലീസിന് സാധിച്ചു. 52 ഇന്ത്യക്കാര്‍ക്കാണു ജീവന്‍ നഷ്‌ടപ്പെട്ടത്. മതം തിരിച്ച് കണക്ക് പറയാനില്ല. പള്ളി മാത്രമല്ല, ക്ഷേത്രവും തകര്‍ക്കപ്പെട്ടു. ഷഹീന്‍ബാഗ് സമരമാണു കലാപത്തിനു വഴിമരുന്നിട്ടത് എന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments