Latest NewsNewsIndia

വനിതാ ദിനത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി അവരെ കണ്ടെത്തി; ജീവിതം കൊണ്ടും പ്രവൃത്തികൊണ്ടും നമ്മളെ പ്രചോദിപ്പിച്ച ആ എഴു വനിതകളുടെ കൂടുതൽ വിശേഷങ്ങൾ

ന്യൂഡല്‍ഹി: ഇന്ന് ലോക വനിതാ ദിനം. ഈ വനിതാ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ എഴു വനിതകള്‍ക്കായി വിട്ടുനല്‍കി ”ജീവിതം കൊണ്ടും പ്രവൃത്തികൊണ്ടും നമ്മളെ പ്രചോദിപ്പിച്ച വനിതകള്‍ക്ക് വേണ്ടി ഈ വനിതാ ദിനത്തില്‍ ഞാനെന്റെ എല്ലാ സോഷ്യല്‍മീഡിയ അക്കൗണ്ടുകളും നല്‍കും. ലക്ഷോപലക്ഷം ജനങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ ഇതവര്‍ക്ക് പ്രചോദനമാകും. നിങ്ങള്‍ അത്തരം ഒരു സ്ത്രീയാണോ. അല്ലെങ്കില്‍ നിങ്ങള്‍ക്ക് അത്തരം പ്രചോദനം നല്‍കുന്ന സ്ത്രീകളെ അറിയുമോ? SheInspiresUs എന്ന ഹാഷ്ടാഗില്‍ അത്തരം കഥകള്‍ പങ്കുവെയ്ക്കൂ” -മോദി ട്വിറ്ററില്‍ കുറിച്ചു


“എല്ലാവര്‍ക്കും വനിതാ ദിന ആശംസകള്‍,​ നാരി ശക്തിയുടെ നേട്ടങ്ങളെ അഭിനന്ദിക്കുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്ബ് ഞാന്‍ പറഞ്ഞതുപോലെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ലോഗ് ഔട്ട് ചെയ്യുന്നു. ഈ ദിവസം മുഴുവന്‍ ഏഴ് വനിതകള്‍ നിങ്ങളുമായി സംവദിക്കും. അവരുടെ ജീവിത യാത്രകള്‍ നിങ്ങളോട് പങ്കുവയ്ക്കും.-പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഫുഡ് ബാങ്ക് ഇന്ത്യയുടെ സ്ഥാപക സ്‌നേഹ മോഹന്ദോസ് ആണ് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ആദ്യമായി ട്വീറ്റ് ചെയ്തത്. “ഒരു നേരത്തെ ഭക്ഷണംപോലും ലഭിക്കാത്തവരെ കുറിച്ച്‌ നിങ്ങള്‍ നിരന്തരം കേട്ടിട്ടുണ്ട്. ഇനി അത് പ്രാവര്‍ത്തികമാക്കാനുള്ള സമയമാണ്. ദരിദ്രര്‍ക്ക് മികച്ച ഭാവി നല്‍കേണ്ട പ്രവര്‍ത്തനമാണ് ഇനി വേണ്ടത്. എന്റെ അമ്മയില്‍ നിന്ന് പ്രചോദനം കൊണ്ടാണ് ഞാന്‍ ഫുഡ് ബാങ്ക് ഒഫ് ഇന്ത്യയുടെ പേരില്‍ സംരഭം തുടങ്ങിയത്”-സ്നേഹ ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.

പ്രസിഡന്റിന്റെ പുരസ്കാര ജേതാവ് കൂടിയായ ഡോ. മാളവിക അയ്യരാണ് രണ്ടാമതായി മോദിയുടെ അക്കൗണ്ടിലൂടെ എത്തിയത്. 13ാം വയസില്‍ ബോംബ് സ്ഫോടനത്തില്‍ ഇരുകൈകളും തകരുകയും കാലിന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തയാളാണ് മാളവിക. പിന്നീട് പഠിച്ച്‌ പോരാടി ഡോക്ടറേറ്റ് നേടി. അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്ന മോട്ടിവേഷണല്‍ സ്പീക്കര്‍, സാമൂഹികപ്രവര്‍ത്തക, ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടുന്നവള്‍, മോഡല്‍ -അങ്ങനെ നിരവധി വിശേഷണങ്ങള്‍ക്ക് ഉടമയാണ്. പരിമിതികള്‍ മറന്ന് ലോകത്തെ നേരിടൂവെന്നും വിട്ടുകൊടുക്കുന്നത് ഒരിക്കലും ഒരു മാര്‍ഗമല്ലെന്നും അവര്‍ ട്വീറ്റ് ചെയ്തു.

ശ്രീനഗറിലെ വനിതാ സംരംഭകയായ ആരിഫയാണ് അടുത്തതായി ജീവിതകഥ പറയാന്‍ വന്നത്. ‘സ്ത്രീ ശാക്തീകരണത്തിനായി കാശ്മീരിലെ പരമ്ബരാഗതമായ കൈത്തൊഴില്‍ മേഖലയെ പുനരുജ്ജീവിപ്പിക്കണമെന്ന് ഞാന്‍ സ്വപ്നം കാണാറുണ്ടായിരുന്നു. പാരമ്ബര്യവും ആധുനികതയും ഒന്നുചേരുമ്ബോള്‍ അത്ഭുതങ്ങള്‍ സംഭവിക്കും. ഡല്‍ഹിയില്‍ നടന്ന കരകൗശല വസ്തുക്കളുടെ പ്രദര്‍ശനത്തില്‍ പങ്കെടുക്കലായിരുന്നു എന്റെ ആദ്യത്തെ വ്യാപാര പ്രവര്‍ത്തനം’ -വിഡിയോയ്ക്കൊപ്പം ആരിഫ ട്വീറ്റ് ചെയ്തു.


ഹൈദരാബാദില്‍ നിന്നുള്ള ആര്‍ക്കിടെക്ടും ജലസംരക്ഷണ പ്രവര്‍ത്തനങ്ങളിലെ മുന്നണിപ്പോരാളിയുമായ കല്‍പനാ രമേഷ് അടുത്തതാ‍യി ട്വീറ്റ് ചെയ്തു. നമ്മുടെ കുട്ടികള്‍ക്ക് ജലസുരക്ഷയുള്ള ഒരു ഭാവിക്കാ‍യി ഒരുമിച്ച്‌ പ്രവര്‍ത്തിക്കേണ്ടതുണ്ട്. തന്റെ നേതൃത്വത്തില്‍ നടക്കുന്ന ജലസംരക്ഷണ പ്രവര്‍ത്തനത്തെ കുറിച്ച്‌ കല്‍പന വിഡിയോയില്‍ വിശദീകരിച്ചു.

മഹാരാഷ്ട്രയിലെ ബഞ്ചര വിഭാഗത്തില്‍ നിന്നുള്ള കരകൗശല നെയ്ത്തുകാരി വിജയ പവാറാണ് പിന്നീട് എത്തിയത്. ഇന്ത്യയുടെ വിവിധ മേഖലകളില്‍ നിന്നുള്ള കരകൗശല വസ്തുക്കളെ കുറിച്ച്‌ നിങ്ങള്‍ കേട്ടിരിക്കും. ബഞ്ചര വിഭാഗത്തില്‍നിന്നുള്ള കരകൗശല വസ്തുക്കളെ കുറിച്ചാണ് ഞാന്‍ പറയുന്നത്. രണ്ട് പതിറ്റാണ്ടായി ഈ മേഖലയിലുള്ള ഞാന്‍ ആയിരക്കണക്കിലേറെ സ്ത്രീകളോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട് -വിജയ പവാര്‍ എഴുതി.

കാണ്‍പൂരില്‍ നിന്നുള്ള കലാവതിയുടെ സാമൂഹിക പ്രവര്‍ത്തനങ്ങളാണ് പിന്നീട് പങ്കുവെക്കപ്പെട്ടത്. തുറന്നസ്ഥലങ്ങളിലെ മലവിസര്‍ജനം ഇല്ലാതാക്കാനും നാടിന്റെ ശുചിത്വം നിലനിര്‍ത്താനും കലാവതി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പങ്കുവെച്ചു. ഇതിനായി ധനസമാഹരണം നടത്തുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് കലാവതി പങ്കുവെച്ചത്.

ഏഴാമത്തെ വനിതയായി ബിഹാറില്‍ നിന്നുള്ള ഗ്രാമമുഖ്യയായ വീണ ദേവിയാണ് ജീവിതകഥ പറഞ്ഞത്. കഠിനപ്രയത്നത്തിലൂടെ ഉയര്‍ച്ച നേടിയതും ബിഹാറിലെ മുംഗര്‍ ഗ്രാമമുഖ്യയായതുമെല്ലാം വീണ ദേവി വിശദീകരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button