ArticleNewsPrathikarana VedhiWriters' Corner

കളിയിക്കാവിള സംഭവത്തിനു ശേഷം കുളത്തൂപ്പുഴയിൽ നിന്നും കണ്ടെടുത്ത പാക് നിർമ്മിത വെടിയുണ്ടകൾ സാക്ഷ്യം പറയുന്നുണ്ട് ഇവിടെ തീവ്രവാദികളുടെ വിളയിടം ആയിയെന്ന യാഥാർഥ്യം!

ഒരു ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിക്കാന്‍ കലാപങ്ങള്‍ക്കാഹ്വാനം ചെയ്യുന്നവര്‍ രാജ്യത്ത് വെടിയുണ്ടകളാണ് വിതയ്ക്കുന്നത്. ഈ വിത പക്ഷേ കൊയ്യുന്നത് നിരപരാധികളായ ഒരുപാട് പേരുടെ ജീവനുകൾ മാത്രമായിരിക്കും .

അഞ്ജു പാർവതി പ്രഭീഷ് 

“വിതച്ചതേ കൊയ്യൂ” എന്നത് ഒരു നാടൻ ചൊല്ലാണ് . ആ ചൊല്ല് ഇപ്പോൾ ഏറ്റവും നന്നായി ചേരുന്നത് നമ്മുടെ സ്വന്തം സംസ്ഥാന മായ കേരളത്തിനാണ് .ഭീകരവാദത്തോട് മൃദുസമീപനവും ബോധപൂര്‍വ്വമായ അശ്രദ്ധയും വച്ചുപുലര്‍ത്തിയാല്‍ വെടിയുണ്ടകള്‍ സംസാരിച്ചുതുടങ്ങും എന്നതു കളിയിക്കാവിള കാണിച്ചു തന്നതാണ് .ഇപ്പോഴിതാ കുളത്തൂപ്പുഴയും അതിലേക്ക് വിരൽ ചൂണ്ടുന്നു .

കേരളത്തിന്റെ സാമൂഹ്യസുരക്ഷ പ്രതിദിനം വൻ അപകടത്തിലേക്ക് നീങ്ങുന്നു എന്നതാണ് സത്യം . രാജ്യത്ത് ഭീകരവാദികളോട് ഏറ്റവും മൃദുസമീപനവും ഭീകരവാദത്തിന് മാന്യതയുടെ പരിവേഷവും നല്‍കുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടം  കേരളത്തില്‍ മാത്രമാണ് എന്നത് സമകാലീനസംഭവവികാസങ്ങൾ ഉറക്കെ വിളിച്ചു പറയുന്നുണ്ട് . കുളത്തൂപ്പുഴ മുപ്പതടിപാലത്തിന് സമീപം നിന്നു ശനിയാഴ്ച്ച ഉച്ചയോടെയാണ് 14 വെടിയുണ്ടകൾ കണ്ടെത്തിയത്. ഇതിഇതിൽ12 എണ്ണത്തില്‍ പാക് സൈന്യത്തിന് വേണ്ടി ആയുധങ്ങൾ നിർമിക്കുന്ന പാക്കിസ്ഥാന്‍ ഓര്‍ഡനന്‍സ് ഫാക്ടറിയുടെ ചുരുക്കെഴുത്തായ പി.ഒ.എഫ്  എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്രത്തില്‍ നരേന്ദ്ര മോദി സർക്കാർ വന്നതോടുകൂടി  ഭീകരപ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നിലപാടും നടപടികളുമെടുത്തു  തുടങ്ങി. ഭീകരരുടെയും മാവോയിസ്റ്റുകളുടെയും  പരമ്പരാഗത താവളങ്ങള്‍ എല്ലാം അരക്ഷിതമായതോടെ അവര്‍ പുതിയമേച്ചില്‍പുറങ്ങള്‍ തേടി അലയുവാൻ തുടങ്ങി . അവരെ സംബന്ധിച്ചിടത്തോളം ഇന്ന് ഇടതുപക്ഷം ഭരിക്കുന്ന കേരളം പോലെ സുരക്ഷിതമായൊരിടം ഭീകരവാദികള്‍ക്ക് വേറെ നിലവിൽ ലഭിക്കാൻ  ഇടയില്ല .  ഇപ്പോഴാണെങ്കിലോ വളരെ നല്ല അവസരമാണ് താനും . പൗരത്വനിയമഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭമെന്ന പേരിൽ എല്ലാ ഭീകരസംഘടനകളും ജനാധിപത്യമൂല്യങ്ങളുടെ സംരക്ഷകരെന്ന വേഷം കെട്ടി തെരുവുകളില്‍ അഴിഞ്ഞാടുകയാണ്. കോണ്‍ഗ്രസ് നേതാക്കളുടെയും കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും ബി.ജെ.പി – ഹിന്ദുവിരോധം ഇസ്ലാമിക ഭീകരരോട് സന്ധിചെയ്യുന്നിടം വരെ കാര്യങ്ങള്‍ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നു. സംഘടിത മുസ്ലീംവോട്ടുകള്‍ തങ്ങളുടെ പെട്ടിയിലാക്കാനുള്ള കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് മത്സരം മുതലെടുത്തുകൊണ്ട് കേരളത്തിലെ അര്‍ബന്‍ നക്‌സലുകളും മുസ്ലീം ഭീകരസംഘടനകളും ഇഷ്ടം പോലെ സ്വതന്ത്രമായി വിഹരിക്കുകയും തങ്ങളുടെ മേഖലകളിൽ സ്വാധീനം വര്‍ദ്ധിപ്പിക്കുകയുമാണ് ചെയ്യുന്നത്.

1989-90 കാലഘട്ടങ്ങളില്‍ കാശ്മീരില്‍ നിന്നും കശ്മീരി പണ്ഡിറ്റുകളെ പാലായാനം ചെയ്യിക്കുന്നതിന് ഇസ്ലാമികഭീകരര്‍ അവലംബിച്ച അതേ ശൈലികള്‍ ഇന്ന് മലബാറില്‍ പലയിടത്തും ആരംഭിച്ച് കഴിഞ്ഞിരിക്കുന്നു. ‘ഇരുപത്തൊന്നില്‍ ഊരിയ വാളുകള്‍ അറബിക്കടലിലെറിഞ്ഞിട്ടില്ല എന്ന മുദ്രാവാക്യങ്ങളുമായി പരസ്യമായി തെരുവുകളിൽ  പ്രക്ഷോഭം നടത്തുന്ന രീതിയില് ചെന്നെത്തിയിരിക്കുന്നു കേരളത്തിലെ സാമൂഹ്യ വ്യവസ്ഥിതി .  ഇത്തരത്തിൽ  ജനാധിപത്യ അവകാശമെന്ന പേരിൽ തീവ്രവാദ മനസ്സുള്ളവർക്ക്  പ്രകടനം നടത്താനുള്ള ധൈര്യത്തിന് പിന്നിൽ ഭരണാധികാരികളുടെ പിടിപ്പുകേട് അല്ലാതെ മറ്റെന്താണ് ?

1921ലെ ഹിന്ദുകൂട്ടക്കുരുതിയുടെ ശതാബ്ദിയിലേക്ക് ഒരു വര്‍ഷം മാത്രം ദൂരമുള്ളപ്പോള്‍ രാജ്യത്തെ അട്ടിമറിക്കാന്‍ അണിയറയില്‍ വലിയ സന്നാഹം നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. ഇതിനിടയിലാണ് കളിയിക്കാവിളയിലെ വെടിവെയ്പ്പും കുളത്തൂപ്പുഴയിൽ  വെടിയുണ്ട കണ്ടെത്തിയ സംഭവങ്ങളും കൂട്ടിവായിക്കേണ്ടത് . അഫ്ഗാനിലേക്കും സിറിയയിലേക്കും ചാവേറാകാന്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പോയ സംസ്ഥാനം കേരളമാണെന്നു കൂടി ഇതിനോട് ചേര്‍ത്തു വായിക്കുമ്പോഴെ പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാകൂ. കഴിഞ്ഞവര്‍ഷം ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന ചാവേറാക്രമണത്തിന്റെ അന്വേഷണം നടത്തിയ സംഘത്തിന്റെ അന്വേഷണം വന്നെത്തിയതും കേരളത്തിൽ തന്നെയായിരുന്നു .

കളിയിക്കാവിള സംഭവത്തിനു പിന്നില്‍ തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള അല്‍ഉമ ഭീകരരാണെന്ന് വേണമെങ്കില്‍ കേരളത്തിന് ആശ്വസിക്കാം. എന്നാല്‍ അല്‍ഉമയ്ക്ക് സമാനമായ ഭീകരസംഘങ്ങള്‍ കേരളത്തില്‍ നിശബ്ദപ്രവര്‍ത്തനം നടത്തുന്നു എന്നതിന്റെ സൂചനകളാണ് തമിഴ്‌നാട് പോലീസ് നല്‍കുന്നത്. കളിയിക്കാവിളയില്‍ എസ്.ഐ.യെ വെടിവയ്ക്കാന്‍ എത്തിയ ഭീകരവാദികള്‍ക്ക് എല്ലാ സഹായവും എത്തിച്ചതും ഒളിയിടം ഒരുക്കിയതും മലയാളികളാണ് എന്നത് ശ്രദ്ധേയം . ഇപ്പോഴിതാ കുളത്തൂപ്പുഴയിൽ നിന്നും കണ്ടെടുത്ത പാക് നിർമ്മിത വെടിയുണ്ടകൾ സാക്ഷ്യം പറയുന്നുണ്ട് ഇവിടെ തീവ്രവാദികളുടെ വിളയിടം ആയിയെന്ന യാഥാർഥ്യം

നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണ് . കേന്ദ്രസർക്കാരിനെ ആധികാരത്തിൽ എത്തിച്ചത് ഇവിടുത്തെ ജനങ്ങളാണ് . സർക്കാരിന്റെ നയങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ ഇതര രാഷ്ട്രീയപാർട്ടികൾക്ക് അധികാരവും അവകാശവുമുണ്ട് . പക്ഷേ അത് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് മറ കൊടുത്തുക്കൊണ്ടാകരുത് . ഭീകരവാദികള്‍ക്ക് പ്രവേശനമില്ലാതിരുന്ന സ്ഥലങ്ങളില്‍ വരെ അവര്‍ക്ക് മാന്യതയും അംഗീകാരവും നേടിക്കൊടുക്കുന്ന പണിയാണ് സംയുക്ത സമരങ്ങളിലൂടെ നിലവിൽ കേരളത്തിൽ കോണ്‍ഗ്രസ് – കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ചെയ്തുവരുന്നത്. ഒരു ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിക്കാന്‍ കലാപങ്ങള്‍ക്കാഹ്വാനം ചെയ്യുന്നവര്‍ രാജ്യത്ത് വെടിയുണ്ടകളാണ് വിതയ്ക്കുന്നത്. ഈ വിത പക്ഷേ കൊയ്യുന്നത് നിരപരാധികളായ ഒരുപാട് പേരുടെ ജീവനുകൾ മാത്രമായിരിക്കും .

shortlink

Related Articles

Post Your Comments

Related Articles


Back to top button