അടൂര്‍: കാന്‍സര്‍ രോഗിയായ ആ അച്ഛന്റെ ആഗ്രഹം നിറവേറ്റി പള്ളിവികാരി , മകളുടെ വിവാഹം നടത്തിക്കൊടുത്ത് പള്ളിയും കരക്കാരും .
ഏഴംകുളം തേപ്പുപാറയില്‍ കളീലുവിളയില്‍ കാര്‍ത്തികേയന്റെയും കുഞ്ഞിപ്പെണ്ണിന്റെയും മകള്‍ കലയുടെ വിവാഹമാണ് അടൂര്‍ കരുവാറ്റ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച നടന്നത്. കാന്‍സര്‍ രോഗിയായ കാര്‍ത്തികേയന്റെ മകളുടെ വിവാഹം സാമ്പത്തിക ബുദ്ധിമുട്ടുകാരണം നടക്കില്ലെന്നു കരുതിയപ്പോള്‍ ക്രിസ്ത്യന്‍ പള്ളി മുഴുവന്‍ ചെലവും വഹിച്ച് കല്യാണം നടത്തി.
നൂറനാട് പാറ്റൂര്‍ മണ്ണു വടക്കേതില്‍ യശോധരന്റെയും രാധയുടെയും മകന്‍ രഞ്ജിത്തായിരുന്നു വരന്‍. ഇതു മൂന്നാമത്തെ കല്യാണമാണ് പള്ളി നടത്തുന്നത്. ടാപ്പിങ് തൊഴിലാളിയായിരുന്ന കാര്‍ത്തികേയന് ഒരുവര്‍ഷം മുമ്പാണ് കാന്‍സര്‍ പിടിപ്പെട്ടത്. ചികിത്സ ആരംഭിച്ചതോടെ ജോലിചെയ്യാന്‍ സാധിക്കാതെയായി. ഇതോടെ വരുമാനം നിലച്ചു.
ആ സമയത്താണ് കലയ്ക്ക് വിവാഹാലോചനകള്‍ വന്നത്. പക്ഷേ, സാമ്പത്തികപ്രശ്‌നം കാരണം ആലോചനകള്‍ ഒഴിഞ്ഞുപോകുകയായിരുന്നു. കലയെ കൂടാതെ ഒരു മകളും മകനും കൂടിയുണ്ട് ഇദ്ദേഹത്തിന്. മകന് കൂലിപ്പണിയാണ്. മകള്‍ വിദ്യാര്‍ഥിനിയും. സാമ്പത്തികം പ്രശ്‌നമല്ലെന്നും കല്യാണം രജിസ്ട്രാര്‍ ഓഫീസില്‍ നടത്താമെന്ന ആഗ്രഹവുമായാണ് രഞ്ജിത്ത് എത്തിയതെങ്കിലും . കല്യാണം നാട്ടുരീതിവെച്ച് കരക്കാരെ വിളിച്ച് നടത്തണം എന്ന ആഗ്രഹം കാര്‍ത്തികേയനുണ്ടായിരുന്നു.
പള്ളി പെരുന്നാളിനോടനുബന്ധിച്ച് കല്യാണ നടത്തിപ്പിന് അപേക്ഷ ക്ഷണിക്കുന്ന വിവരം ബന്ധുവില്‍നിന്നാണ് അറിഞ്ഞത്. തുടര്‍ന്ന് പള്ളിയില്‍ അപേക്ഷ നല്‍കി. പള്ളി കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാര്‍ത്തികേയന്റെ വീട് സന്ദര്‍ശിച്ച് ഇദ്ദേഹത്തിന്റെ അവസ്ഥ പരിഗണിച്ച് മംഗല്യനിധിയില്‍ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഇsവക വികാരി ഫാ. എസ്.വി.മാത്യു തുവയൂര്‍ പറഞ്ഞു.
അടൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തില്‍ തിങ്കളാഴ്ച 11-ന് കലയുടെ കഴുത്തില്‍ രഞ്ജിത്ത് വരണമാല്യം ചാര്‍ത്തി. തുടര്‍ന്ന് പള്ളിയിലെത്തിയ വധൂവരന്‍മാരെ പള്ളിവികാരിയും ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ.യും ചേര്‍ന്ന് സ്വീകരിച്ചു.
Post Your Comments