
കൊച്ചി : ഗായകൻ എംജി ശ്രീകുമാറിന്റെ കൊച്ചിയിലെ വീട്ടിൽ നിന്നും മാലിന്യം കായലിലേക്ക് വലിച്ചെറിയുന്ന വീഡിയോ ചിത്രീകരിച്ച യുവാവിന് പാരിതോഷികം. 2500 രൂപയാണ് വൈറലായ വീഡിയോ ചിത്രീകരിച്ച നസീമിന് മുളവുകാട് പഞ്ചായത്ത് പാരിതോഷികമായി നൽകിയത്.
ഗായകൻ എം ജി ശ്രീകുമാറിന്റെ വീട്ടിൽ നിന്ന് കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിയുന്ന വീഡിയോ പകർത്തി പരാതി നൽകിയതിനുള്ള പാരിതോഷികമാണ് നസീമിന് നൽകിയത്. അതേസമയം ഈടാക്കുന്ന പിഴത്തുകയുടെ 25 ശതമാനം അല്ലെങ്കിൽ പരമാവധി 2,500 രൂപയാണ് ഇത്തരം സംഭവം റിപ്പോർട്ട് ചെയ്തവർക്ക് പാരിതോഷികമായി ലഭിക്കുക.
എനിക്കുള്ള 25000 രൂപ എപ്പോൾ കിട്ടുമെന്ന ചോദ്യത്തോടെയാണ് നസീം മാലിന്യം വലിച്ചെറിയുന്ന വീഡിയോ മന്ത്രി എം ബി രാജേഷിന് ടാഗ് ചെയ്ത് മാർച്ച് 27ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിലൂടെ പങ്കുവെച്ചത്. തുടർന്ന് മന്ത്രിയുടെ നിർദേശപ്രകാരം മുളവുകാട് പഞ്ചായത്ത് അധികൃതർ നടത്തിയ പരിശോധനയിലാണ് സംഭവം നടന്നതാണെന്ന് കണ്ടെത്തിയത്.
അന്ന് തന്നെ വീട്ടുടമയായ എംജി ശ്രീകുമാറിന് 25,000 രൂപ പിഴചുമത്തി നോട്ടീസ് നൽകിയതായി മന്ത്രി പോസ്റ്റിന് താഴെ മറുപടിയായി അറിയിക്കുകയും ചെയ്തിരുന്നു.
Post Your Comments