Latest NewsNewsIndia

അൻപുചെഴിയൻ: തമിഴ് സിനിമയെ വെല്ലുന്ന ഗുണ്ടായിസത്തിന് ചുക്കാൻ പിടിക്കുന്ന വ്യവസായി; തമിഴ് സിനിമയിലെ ഷൈലോക്കിന്റെ കഥ ഇങ്ങനെ

ചെന്നൈ: ഇൻകം ടാക്‌സ് തമിഴ് സൂപ്പര്‍താരം വിജയിയെ ചോദ്യം ചെയ്തതോടെയാണ് അൻപുചെഴിയൻ എന്ന പേരും അടുത്ത ദിവസങ്ങളിൽ വാർത്തകളിൽ നിറഞ്ഞത്. തമിഴ് സിനിമയെ വെല്ലുന്ന ഗുണ്ടായിസത്തിന് ചുക്കാൻ പിടിക്കുന്ന വ്യവസായിയെ ഭയത്തോടെയാണ് കോളിവുഡ് ചലച്ചിത്ര ലോകം കാണുന്നത്. സ്വന്തമായി നിർമാണ കമ്പനിയുണ്ടെങ്കിലും തമിഴിലെ ബിഗ് ബജറ്റ് ചിത്രങ്ങൾ നിർമിക്കുന്നതിന് മറ്റു നിർമാതാക്കൾക്ക് വട്ടിപ്പലിശക്ക് പണം കടം നൽകുകയാണ് അൻപുചെഴിയന്റെ പ്രധാന തൊഴിൽ.

വിജയ് നായകനായ സൂപ്പർഹിറ്റ് ചിത്രം‘ബിഗിൽ’ സിനിമയുടെ പേരിൽ 300 കോടിയിലധികം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് ഇപ്പോൾ നേരിടുന്ന ആരോപണം. ബിഗിലിന്റെ നിർമ്മാതാക്കളായ എജിഎസ് ഗ്രൂപ്പിന്റെ 20 കേന്ദ്രങ്ങളിലെ റെയ്ഡിന് പുറമേ, അൻപുചെഴിയന്റെ സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. ഈ റെയ്ഡുകളാണ് ഒടുവിൽ വിജയിന്റെ വീട്ടിലേക്കുമെത്തിയത്.

ഫിലിം റീലുകൾ ചുമലിലേന്തി നടക്കുന്നതാണ് അൻപുചെഴിയന്റെ ആദ്യകാല സിനിമാബന്ധം. പതിയെ സഹപ്രവർത്തകർക്ക് പണം കടം കൊടുക്കലായി. ആദ്യകാലത്ത് ചെറിയ തോതിൽ ചിട്ടി നടത്തിയാണ് തുടക്കം. പിന്നീട് ചെറുകച്ചവടക്കാർക്ക് പലിശയ്ക്കു പണം കൊടുക്കലായി. പിന്നാലെ സിനിമാരംഗത്തും പണമിറക്കിത്തുടങ്ങി. നിർമാതാക്കളുടെ സ്വത്ത് ഈട് മേടിച്ചാണ് കടംകൊടുക്കൽ. ബ്ലാങ്ക് ചെക്കുകളും ഒപ്പിട്ടുവാങ്ങും. പണമടയ്ക്കുന്നത് വൈകിയാൽ സ്വത്ത് കൈക്കലാക്കും. 5000 രൂപയുടെ ആ ബിസിനസ് പിന്നീട് മധുരൈ-രാമനാഥപുരം സർക്കിളിലെ തിയറ്റർ ഉടമകൾക്ക് സിനിമാ റിലീസിന് പണം നൽകുന്ന നിലയിലേക്ക് വളർന്നു. തിയറ്റർ ഉടമകളെ പേടിപ്പിച്ച് മൂന്നുദിവസത്തിനകം പലിശ സഹിതം പണം വാങ്ങി വട്ടിപലിശക്കാരനായി.

ഗോപുരം ഫിലിംസ് എന്നാണ് സ്വന്തം നിർമാണ കമ്പനിയുടെ പേര്. രാമനാഥപുരം ജില്ലയിലെ കമുദി സ്വദേശിയായ ഇയാൾ 1990 കളുടെ തുടക്കത്തിലാണ് മധുരയിലേക്ക് താമസം മാറ്റിയത്. മധുരൈ അൻപുവെന്നു വിളിപ്പേര്. 2003ൽ മണിരത്നത്തിന്റെ സഹോദരനും നിർമാതാവുമായ ജി വെങ്കടേശ്വരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അൻപുവിന്റെ പേര് വാർത്തകളിൽ നിറഞ്ഞത്.

2017ൽ നിർമാതാവ് അശോക് കുമാറിന്റെ ആത്മഹത്യക്കുറിപ്പിൽ അൻപുചെഴിയനാണ് മരണകാരണമെന്ന് വ്യക്തമാക്കിയിരുന്നു. വീട്ടിലെ സ്ത്രീകളെ വരെ ഭീഷണിപ്പെടുത്തിയെന്നും സൂചിപ്പിച്ചു. എന്നാൽ, പല സിനിമാ രാഷ്ട്രീയ പ്രമുഖരും ചെഴിയനു വേണ്ടി രംഗത്തെത്തി. പിന്നിൽ കേസിൽ നിന്നു തടിയൂരുന്നതാണ് സിനിമാലോകം കണ്ടത്.

അശോക് കുമാറിന്റെ മരണവാർത്ത 2017ൽ തമിഴ് സിനിമ ലോകം ഞെട്ടലോടെയാണ് കേട്ടത്. അശോക് കുമാറിനെ ചെന്നൈയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രശസ്ത സംവിധായകൻ ശശികുമാറിന്റെ അടുത്ത ബന്ധുവായിരുന്നു അശോക് കുമാര്‍. പലിശക്കാരുടെ ശല്യത്തെ തുടർന്നാണ് താൻ ജീവനൊടുക്കുന്നത് അശോക് കുമാറിന്റെ ആത്മഹത്യാകുറിപ്പിൽ പറഞ്ഞിരുന്നു.

പൊലീസ് കണ്ടെടുത്ത ആത്മഹത്യാകുറിപ്പിൽ അൻപുചെഴിയൻ ആറു മാസത്തോളമായി നിരന്തരം ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതായി പറഞ്ഞിരുന്നു, പൊലീസിലും രാഷ്ട്രീയത്തിലും സ്വാധീനമുള്ള ഇയാൾ നിർമ്മാണ കമ്പനിക്ക് നൽകിയ വായ്പയുടെ പലിശയായി കൂടുതൽ പണമീടാക്കിയതായും അശോക് കത്തിൽ പറഞ്ഞു.

ALSO READ: ബോഡോ കരാര്‍: ചരിത്രപരമായ കരാര്‍ വിജയകരമായി ഒപ്പു വെച്ചു; പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ തയ്യാറെടുപ്പുകളുമായി അസം ജനത

ചലച്ചിത്ര മേഖലയിൽ സ്ഥിരസാന്നിധ്യമായതിന് പിന്നാലെ മുൻമുഖ്യമന്ത്രി ജയലളിതയുടെ അടുപ്പക്കാരനായി. ദക്ഷിണമേഖലയിൽ പല സിനിമകളുടെയും വിതരണാവകാശം നേടിയെടുത്തു. ഏതുപാർട്ടിക്കാർ അധികാരത്തിലിരുന്നാലും ആ അധികാരകേന്ദ്രങ്ങളുമായി അടുപ്പം സ്ഥാപിച്ചു. 2011 ഡിസംബറിൽ മധുര റൂറൽ പൊലീസ് ഇയാളെ അറസ്റ്റ്ചെയ്തു. വധശ്രമം, ക്രിമിനൽ ഭീഷണി, വഞ്ചന എന്നിവയായിരുന്നു കുറ്റങ്ങൾ. ‘മീശൈ മകൻ’ എന്ന സിനിമ നിർമ്മിക്കാൻ എസ്.വി.തങ്കരാജ് 20 ലക്ഷം വായ്പ വാങ്ങിയിരുന്നു. രണ്ട് ബ്ലാങ്ക് സ്റ്റാമ്പ് പേപ്പറിലും ലെറ്റർ പാഡിലുമായി ഒപ്പും 8 ചെക്കും വാങ്ങിയ ശേഷമായിരുന്നു പണം കൈമാറിയത്. 30 ശതമാനം പലിശ ഈടാക്കി. പരാതിക്കാരൻ ഒരുകോടി വരെ നൽകിയിട്ടും അൻപുചെഴിയൻ ഭീഷണി തുടർന്നു. തുടർന്നാണ് പരാതി പൊലീസിന് മുന്നിലെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button