തിരുവനന്തപുരം: കളിയിക്കാവിള എ.എസ്.ഐയെ വെടിവച്ചുകൊന്ന കേസില്‍ ആസൂത്രണം നടന്നത് കേരളത്തിലെന്ന് റിപ്പോര്‍ട്ട്. വെടിവയ്പ്പിന് രണ്ട് ദിവസം മുമ്പ് പ്രതികള്‍ നെയ്യാറ്റിന്‍കരയിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ഏഴ്,എട്ട് തീയതികളില്‍ പള്ളിയില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ കിട്ടി. പ്രതികള്‍ വാടക വീട്ടില്‍ താമസിച്ചിരുന്നുവെന്നാണ് സംശയം. പ്രതികളെന്ന് സംശയിക്കുന്ന ഏഴ് പേരെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അഞ്ചുപേര്‍ തെന്മലയില്‍ നിന്നും രണ്ടു പേര്‍ തിരുനെല്‍വേലിയില്‍ നിന്നുമാണ് പിടിയിലായത്.
കേസിലെ മുഖ്യപ്രതികളായ അബ്ദുള്‍ ഷമീം, തൗഫീക്ക് എന്നിവരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. കന്യാകുമാരിയിലെ ഹിന്ദു മുന്നണി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ തിരുനെല്‍വേലി മേല്‍പ്പാളയം സ്വദേശി ബിസ്മി നൗഷാദ്,തെങ്കാശി സ്വദേശി ഹനീഫാ എന്നിവരാണ് തിരുനെല്‍വേലിയില്‍ നിന്ന് പിടിയിലായത്. തിരുനെല്‍വേലി സ്വദേശികളായ ഹാജ, അഷറഫ്,ഷേക്ക് പരീത്, നവാസ്, സിദ്ധിഖ് എന്നിവരെയാണ് കൊല്ലം റൂറല്‍ പൊലീസിന്റെയും തമിഴ്നാട് ക്യൂബ്രാഞ്ചിന്റെയും സംയുകത പരിശോധനയില്‍ തെന്‍മലയില്‍ നിന്നും പിടി കൂടിയത്.
വീട് ഏര്‍പ്പാടാക്കിയത് വിതുര സ്വദേശി സെയ്ത് അലിയാണെന്നാണ് വിവരം. കൊല നടന്നതിന്റെ പിറ്റേ ദിവസം സെയ്ത് അലി ഒളിവില്‍ പോയി. പ്രതികളുടെ കെെവശമുണ്ടായിരുന്ന ബാഗ് മറ്റൊരാള്‍ക്ക് കെെമാറിയതിലും ദുരൂഹതയുണ്ട്.നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തുളള ദൃശ്യങ്ങളിലാണ് പ്രതികളെ കണ്ടെത്തിയത്. രാത്രി 8.45 മണിയോടെ കടകള്‍ക്ക് അടുത്തുകൂടി നടന്ന് പോകുന്ന ഇവര്‍ അവിടെ ഒരു ബാഗ് ഉപേക്ഷിക്കുന്നതായാണ് ദൃശ്യങ്ങളില്‍ ഉളളത്. പൊതുപണിമുടക്ക് ദിവസമായിരുന്നതിനാല്‍ കടകളെല്ലാം അടഞ്ഞു കിടക്കുകയായിരുന്നു.
ഈ ബാഗിനായി അന്വേഷണസംഘം സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ബാഗ് നെയ്യാറ്റിന്‍കരയിലുളള ഏതെങ്കിലും കടയില്‍ നിന്നാണോ വാങ്ങിയതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.സംഭവത്തിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്തയാളാണ് നവാസ്.ഇയാൾക്ക് തീവ്രവാദ ബന്ധമുള്ളതായി പോലീസ് സ്ഥിരീകരിച്ചു. മറ്റു നാലുപേരും നവാസിന്റെ സംഘത്തില്‍പ്പെട്ടവരാണ്. ഇന്നലെ വൈകിട്ട് 3.55ന് പാലരുവിക്ക് സമീപം നിസാന്‍ സണ്ണി കാറില്‍ സഞ്ചരിക്കുന്നതിനിടെ കൊല്ലം റൂറല്‍ പൊലീസാണ് ഇവരെ പിടികൂടിയത്. തമിഴ്നാട് പൊലീസും സ്ഥലത്ത് എത്തിയിരുന്നു.
Post Your Comments