തിരുവനന്തപുരം: കളിയിക്കാവിളയില്‍ എഎസ്‌ഐ വില്‍സണെ വെടിവെച്ചു കൊന്ന കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍.ആക്രമണത്തിന്റെ പ്രധാന സൂത്രധാരനായ സെയ്ദലിയെയാണ് പാളയത്ത് നിന്നും തമിഴ്നാട് ക്യുബ്രാഞ്ച് നടത്തിയ മിന്നല്‍ ഓപ്പറേഷനില്‍ പിടിയിലായത്.ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പാളയം മാര്‍ക്കറ്റിന് സമീപത്ത് നിന്നും സെയ്ദലിയെ ക്യുബ്രാഞ്ച് പിടികൂടിയത്. പാളയത്തിന് സമീപം ബസ്റ്റോപ്പില്‍ നിന്ന ഇയാളെ ക്യുബ്രാഞ്ച് പിടികൂടുകയായിരുന്നു.
മുഖ്യപ്രതികള്‍ക്ക് കേരളത്തിലടക്കം എല്ലാ സഹായവും ചെയ്തത് ഇയാള്‍ ആണെന്ന് പോലീസ് അറിയിച്ചു. തുടര്‍ന്ന് ഇയാളെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. എന്‍ഐഎ സംഘവും ചോദ്യം ചെയ്യുന്നുണ്ട്. ആക്രമണം നടന്ന അന്നുമുതല്‍ ഇയാള്‍ തലസ്ഥാനം കേന്ദ്രീകരിച്ച് ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇയാള്‍ കൊലപാതകത്തിന് മുന്‍പ് കളിയിക്കാവിള എത്തുകയും പ്രതികളുമായി കൂടിക്കാഴ്ച നടത്തിയതായും അന്വേഷണ സംഘം പറഞ്ഞു. കൂടാതെ കേസിലെ പ്രതികള്‍ക്ക് വാടക വീട് ശരിയാക്കി കൊടുത്തതും ഇയാളാണ്.
മാത്രമല്ല കൃത്യം നടത്തിയ ദിവസം പ്രതികള്‍ നെയ്യാറ്റിന്‍കരയിലെത്തിയത് സയ്ദ് അലിയെ കാണാനായിരിക്കാമെന്ന്‍ പൊലീസിന് സംശയമുണ്ട്. കൂടാതെ സെയ്ദ് അലിയുടെ കേരളത്തിലെ മറ്റു പ്രവര്‍ത്തനത്തെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പാറശാല, പുന്നക്കാട് ഐങ്കമണ്‍ സ്വദേശി സെയ്തലി രണ്ട് വര്‍ഷം മുമ്പാണ് വിതുരയില്‍ നിന്നും വിവാഹം കഴിച്ച് താമസം ആകുന്നത്.
ഏതാനും മാസങ്ങളായി ഇയാള്‍ ഒരുകംപ്യൂട്ടര്‍ സ്ഥാപനം നടത്തിയിരുന്നു. അവിടെ ഒരു വീട് വാടകയ്ക്ക് എടുത്താണ് താമസിച്ചിരുന്നത്. സ്ഥാപനം തുടങ്ങിയിരുന്നെങ്കിലും പൂര്‍ണമായി പ്രവര്‍ത്തിച്ചിരുന്നില്ല. ഇതിന്റെ മറവിൽ ഇയാൾക്ക് മറ്റു പ്രവർത്തനങ്ങൾ ഉണ്ടായിരുന്നതായാണ് സൂചന.
Post Your Comments