മസ്‌ക്കറ്റ്: അന്തരിച്ച ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസിനോടുള്ള ആദര സൂചകമായി ജനുവരി 13-ന് ഇന്ത്യയില്‍ ഔദ്യോഗിക ദു:ഖാചരണം നടത്താന്‍ തീരുമാനിച്ചു. ദു:ഖാചരണത്തിന്റെ ഭാഗമായി നാളെ ദേശീയ പതാക താഴ്ത്തി കെട്ടും. രാജ്യ വ്യാപകമായി ദു:ഖാചരണം നടത്താനും നാളെ നടക്കാനിരുന്ന എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെക്കാനും വിജ്ഞാപനത്തില്‍ അറിയിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിച്ചത്.
ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദ് (74) കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്.മിഡില്‍ ഈസ്റ്റില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച ഭരണാധികാരിയായിരുന്നു ഖാബൂസ്. 1970 -ലാണ് ഒമാനിലെ ഭരണാധികാരിയായി ചുമതലയേറ്റത്. ഇന്ത്യയുമായി വളരെ അടുപ്പം സൂക്ഷിച്ച വ്യക്തിയായിരുന്നു ഒമാന്‍ സുല്‍ത്താന്‍. സുല്‍ത്താന്‍ ഖാബൂസിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ യഥാര്‍ത്ഥ സുഹൃത്തായിരുന്നു സുല്‍ത്താന്‍ ഖാബൂസ് എന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇരു രാജ്യങ്ങളുടേയും ബന്ധം മികച്ച രീതിയില്‍ കൊണ്ടുപോകാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.ഒമാനെ ആധുനികവും, സമ്പന്നവുമായി ഒരു രാജ്യമാക്കി മാറ്റിയരാഷ്ട്രതന്ത്രജ്ഞനാണ് സുല്‍ത്താനെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. സുല്‍ത്താന്‍ ഖാബൂസിന്റെ നിര്യാണത്തില്‍ അതിയായ വിഷമമുണ്ടെന്നും അദ്ദേഹത്തിന്റെ ആത്മാവ് വിശ്രമിക്കട്ടെയെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അന്‍പത് വര്‍ഷമായി അധികാരത്തിലിരിന്ന സുല്‍ത്താന്‍ ഖാബൂസിന്റെ ഭരണം അത്രമേൽ തൃപ്തികരമായിരുന്നു.ആധുനിക ഒമാന്റെ സൃഷ്ടാവാണ് ഖാബൂസ്.
അദ്ദേഹത്തിന്റെ സാമ്പത്തിക നയങ്ങളാണ് ഒമാനെ വികസനത്തിലേക്ക് നയിച്ചത്. അവിവാഹിതനായ അദ്ദേഹം ജനക്ഷേമത്തിന് ഊന്നല്‍ നല്‍കി. അറബ് ലോകത്ത് സമാധാനം നിലനിര്‍ത്താനുള്ള പ്രയത്‌നങ്ങള്‍ക്ക് എന്നും മുന്നില്‍ നിന്ന ജനനായകനായിരുന്നു അദ്ദേഹം..ഒമാന്റെ വികസന നായകന്റെ വേര്‍പ്പാട് അറബ് ലോകത്തിന് കനത്ത നഷ്ടമാണ്. അറബ് ലോകത്ത് ഏറ്റവും അധികകാലം രാഷ്ട്ര നായകത്വം വഹിച്ചവ്യക്തി കൂടിയായിരുന്നു അദ്ദേഹം. ഏറെ വേദനയോടെയാണ് ഒമാന്‍ ജനതയും അറബ് ലോകവും. സുല്‍ത്താന്റെ മരണവാര്‍ത്തയെ അവര്‍ക്കിപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല. സുല്‍ത്താന്റെ വിയോഗത്തോടെ ഒമാനില്‍ നാല്‍പത് ദിവസത്തെ ദു:ഖാചരണമുണ്ടാകും
Post Your Comments