
കൊൽക്കത്ത: പൗരത്വ നിയമം നടപ്പിലാക്കാനുള്ള വിജ്ഞാപനം താൻ കീറിയെറിഞ്ഞെന്ന് മമത ബാനർജി. താൻ ജീവിച്ചിരിക്കുമ്പോൾ നിയമം നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് മോദിയോട് നേരിട്ട് പറഞ്ഞെന്നും ബംഗാൾ മുഖ്യമന്ത്രി. കൊൽക്കത്തയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളോട് സംസാരിക്കുകയായിരുന്നു മമത. നേരത്തെ കൊൽക്കത്തയിലെത്തിയ മോദിയുമായി മമത കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നലെ താൻ പൗരത്വ നിയമം പ്രാബല്യത്തിൽ വന്നുവെന്ന് പ്രഖ്യാപിക്കുന്ന വിജ്ഞാപനം കണ്ടിരുന്നു. അപ്പോൾ തന്നെ താൻ അത് കീറി കളഞ്ഞു. ഇന്ന് പ്രധാനമന്ത്രിയെ കണ്ടപ്പോൾ നിങ്ങൾക്ക് പൗരത്വ നിയമം നടപ്പിലാക്കണമെങ്കിൽ എന്റെ മൃതശരീരത്തിന് മുകളിലൂടെ മാത്രമേ സാധിക്കൂ എന്ന് പറഞ്ഞെന്നും മോദിക്കെതിരെ തെരുവിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ച മമത ബാനർജി വ്യക്തമാക്കി.
ജനുവരി പത്തിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൗരത്വ നിയമം നിലവിൽ വന്നെന്ന് കാണിച്ച് വിജ്ഞാപനം ഇറക്കിയത്. കൊൽക്കത്തയിൽ സന്ദർശനത്തിനെത്തിയ മോദിക്കെതിര പ്രതിഷേധവുമായി വിദ്യാർത്ഥികൾ തെരുവിലിറങ്ങിയിരുന്നു.
Post Your Comments