പാലക്കാട്: അട്ടപ്പാടിക്കടുത്ത് മഞ്ചിക്കണ്ടിയില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ മൃതദേഹം കാണാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സ്വദേശിനി. ഇന്നലെ മരിച്ച മാവോയിസ്റ്റ് കണ്ണന്റെ മൃതദേഹം കാണാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് തമിഴ്നാട് സ്വദേശിനി മീന പോലീസിനെ സമീപിച്ചിരിക്കുന്നത്.
കണ്ണന്റെ മൃതദേഹം കാണാനും തന്റെ മകനാണെങ്കില്‍ മൃതദേഹം ഏറ്റെടുക്കാന്‍ അനുവദിക്കണമെന്നുമാണ് മീനയുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി പാലക്കാട് എസ്പിക്ക് കത്തയച്ചു. അതേസമയം ഇന്നലെ ഏറ്റുമുട്ടലില്‍ പരിക്കേറ്റിരുന്ന ഒരാള്‍ കൂടി ഇന്ന് മരിച്ചതോടെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം നാലായി. കബനി ദളത്തിലെ പ്രധാന നേതാവ് മണിവാസകമാണ് ഇന്ന് മരിച്ചത്.
ഇന്നലെയുണ്ടായ വെടിവെപ്പില്‍ മണിവാസകത്തിനും മറ്റൊള്‍ക്കും വെടിയേറ്റിരുന്നുവെങ്കിലും ഇവരെ പിടികൂടാന്‍ കളിഞ്ഞിരുന്നില്ല. ഇവര്‍ക്കായി ഇന്ന് തെരച്ചില്‍ നടത്തുന്നതിനിടെയാണ് രാവിലെ വീണ്ടും വെടിവെപ്പുണ്ടായത്.
വനത്തില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടെന്നറിഞ്ഞ് ഇന്നലെ പെട്രോളിംഗിനിറങ്ങിയ നിലമ്പൂരില്‍ നിന്നുള്ള തണ്ടര്‍ ബോള്‍ട്ട് സംഘത്തിന് നേരെയാണ് മാവോയിസ്റ്റുകള്‍ ആദ്യം വെടിവെച്ചെന്നാണ് പുറത്ത് വരുന്ന വിവരം. തണ്ടര്‍ബോള്‍ട്ടിന്റെ പ്രത്യാക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചെന്നാണ് പോലീസ് അറിയിച്ചത്. തണ്ടര്‍ബോള്‍ട്ട് അസി. കമാന്റന്റ് സോളമന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു നേതൃത്വം നല്‍കിയത്.
Post Your Comments