ബെയ്‌റൂട്ട്: ഐ എസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയെ യുഎസ് സൈന്യം കീഴ്‌പ്പെടുത്തിയത് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍. യുഎസ് സൈന്യത്തിന്റെ ഭാഗമായ ജോയിന്റ് സ്‌പെഷല്‍ ഓപ്പറേഷന്‍സ് കമാന്‍ഡോ സംഘത്തിലെ ഡെല്‍റ്റ ടീമാണ് ബഗ്ദാദിയെ കീഴ്‌പ്പെടുത്തിയത്.
സിറിയയിലെ ബഗ്ദാദിയുടെ ഒളിത്താവളം ഒരുമാസക്കാലമായി യുഎസ് സൈന്യത്തിന്റെ റഡാറിലുണ്ടായിരുന്നു. 3 തവണ ആക്രമണത്തിന് പദ്ധതിയിട്ടെങ്കിലും ഓപ്പറേഷന്‍ മാറ്റിവയ്‌ക്കേണ്ടിവന്നു. ഒരാഴ്ച മുന്‍പ് യുഎസ് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി ആക്രമണത്തിനായി കാത്തിരിക്കുകയായിരുന്നു.
ബാരിഷ ഗ്രാമത്തിന് മുകളിലേക്ക് 8 ഹെലികോപ്റ്ററുകളിലായിട്ടാണ് ഡെല്‍റ്റ ടീമിലെ സൈനികര്‍ തിരിച്ചത്. ഒപ്പം അകമ്പടിയായി യുദ്ധവിമാനങ്ങളും ഉണ്ടായിരുന്നു. ആദ്യം കെട്ടിടത്തിലേക്കു മിസൈല്‍ വര്‍ഷിക്കുകയും പിന്നാലെ സൈനികര്‍ താഴെയിറങ്ങി ആക്രമണം നടത്തുകയുമായിരുന്നു. പരിശീലനം സിദ്ധിച്ച വേട്ടനായ്ക്കളുടെ സഹായത്തോടെയാണ് സൈനികര്‍ ആക്രമണം നടത്തിയത്. രക്ഷപെടാന്‍ കഴിയില്ലെന്ന് വന്നതോടെ ബഗ്ദാദി ഭയന്നോടി. കെട്ടിടത്തിനു താഴെയുള്ള തുരങ്കങ്ങളിലൂടെ കുട്ടികളുമായി രക്ഷപ്പെടാനായിരുന്നു ശ്രമം. എന്നാല്‍ വേട്ടനായ്ക്കള്‍ വിടാതെ പിന്തുടരുകയായിരുന്നു. സൈനികര്‍ അടുത്തെത്തുമെന്നുറപ്പായതോടെ ചാവേറായി പൊട്ടിത്തെറിച്ചാണ് ബാഗ്ദാദി ജീവനൊടുക്കിയത്. തുരങ്കത്തില്‍ പ്രവേശിക്കാന്‍ കഴിയുന്ന റോബട്ടുകള്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങളുമായാണ് യുഎസ് സൈന്യം സിറിയയില്‍ എത്തിയത്. എന്നാല്‍, റോബട്ടിനെ ഉപയോഗിക്കേണ്ട ആവശ്യം വന്നില്ല.
ALSO READ: ഐഎസിന്റെ നാലു കേന്ദ്രങ്ങളിൽ വ്യോമാക്രമണം;ബഗ്ദാദിയുടെ അടുത്ത അനുയായി കൊല്ലപ്പെട്ടു
ഇറാഖാണ് ബഗ്ദാദിയുടെ സിറിയയിലെ ഒളിത്താവളത്തെപ്പറ്റി യുഎസിനു രഹസ്യവിവരം കൈമാറിയത്. ബഗ്ദാദിയുടെ സഹോദരന്‍മാരുടെ ഭാര്യമാര്‍ സിറിയയിലേക്കു പോകുന്നതിനെപ്പറ്റിയുള്ള വിവരം അവര്‍ക്കൊപ്പം സഞ്ചരിച്ച മറ്റൊരാളില്‍നിന്നാണ് ഇറാഖി സൈന്യത്തിനു ലഭിച്ചത്. ഇന്റലിജന്‍സിന്റെ ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടി. അവര്‍ വിവരം യുഎസിനു കൈമാറുകയായിരുന്നു. അതേസമയം, ബഗ്ദാദിയുടേതെന്ന പേരില്‍ ഏറ്റവുമൊടുവില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 16നാണ് സന്ദേശം പുറത്ത് വന്നത്. 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ശബ്ദ സന്ദേശമാണ് ഐഎസ് പുറത്തുവിട്ടത്.
Post Your Comments