കാബൂള്‍: താലിബാന്റെ വാഹനങ്ങളെ ലക്ഷ്യം വെച്ച് ബോംബ് ആക്രമണങ്ങള്‍ നടത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തീവ്രവാദ ഗ്രൂപ്പ് ആയ ഇസ്‌ലാമിക് സ്റ്റേറ്റ്‌സ്. ഐ.എസിന്റെ കീഴിലുള്ള മാധ്യമമായ ആമാഖ് വാര്‍ത്താ ഏജന്‍സിയിലാണ് സംഘം ഇക്കാര്യം ഉന്നയിച്ചത്. ഐ.എസിന്റെ ശക്തികേന്ദ്രമായ ജലാലാബാദിലായിരുന്നു ശനിയാഴ്ച, ഞായറാഴ്ച ദിവസങ്ങളില്‍ ആക്രമണം നടന്നത്. താലിബാന്‍ അംഗങ്ങള്‍ അടക്കം കുറഞ്ഞത് എട്ട് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
അഫ്ഗാനിസ്ഥാന്‍ ഭരണമേറ്റെടുത്ത് താല്‍ക്കാലിക സര്‍ക്കാര്‍ രൂപീകരിച്ച ഈ ഘട്ടത്തില്‍ സുരക്ഷാപരവും സാമ്പത്തികപരവുമായ ഒരുപാട് വെല്ലുവിളികളാണ് താലിബാന് മുന്നിലുള്ളത്. അഫ്ഗാനിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കുക എന്നതും പുതിയ സര്‍ക്കാരിനും താലിബാനുമെതിരെ ഉയര്‍ന്ന് വരുന്ന സമരങ്ങളും പ്രതിഷേധങ്ങളും കൈകാര്യം ചെയ്യുക എന്നതും മാധ്യമങ്ങളെ താലിബാന്‍ അനുകൂലമാക്കി മാറ്റുക എന്നതും ഇനിയങ്ങോട്ട് താലിബാന്‍ സര്‍ക്കാരിന് വെല്ലുവിളിയായിരിക്കും.
അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്ത് ഭരണം നടത്തുക എന്ന കാര്യത്തില്‍ താലിബാന്‍ ശ്രദ്ധ ചെലുത്തുമ്പോള്‍ ആഗോള തലത്തിലുള്ള ഭീകരവാദമാണ് ഐ.എസിന്റെ പ്രഖ്യാപിത ലക്ഷ്യം. ജലാലാബാദില്‍ നടന്ന സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പരിക്കേറ്റവരില്‍ സ്ത്രീകളും കുട്ടികളുമുണ്ടെന്നാണ് കരുതുന്നതെന്നും പേര് വെളിപ്പെടുത്താത്ത ഒരു താലിബാന്‍ നേതാവ് എ.എഫ്.പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞിരുന്നു.
Post Your Comments