തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിനെതിരെ അധികാര ദുർവിനിയോഗത്തിൻറെ കൂടുതൽ തെളിവുകൾ പുറത്ത്. മാര്‍ക്കില്ലാത്ത വിദ്യാര്‍ഥിക്കു സ്പോര്‍ട്സ് ക്വോട്ട പ്രവേശനം തരപ്പെടുത്തിക്കൊടുക്കാന്‍ മന്ത്രി ഇടപെട്ടതായാണ് പുതിയ ആരോപണം പ്രതിപക്ഷം ഉയര്‍ത്തിയിരിക്കുന്നത്. എംജി സര്‍വകലാശാലയില്‍ തോറ്റുപോയ വിദ്യാര്‍ഥികളെ ജയിപ്പിക്കാന്‍ മാര്‍ക്ക് ദാനം നല്‍കിയെന്ന ആരോപണത്തില്‍ കുരുങ്ങി നില്ക്കുന്ന മന്ത്രിക്കെതിരേ ഗുരുതരമായ ആരോപണമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
ALSO READ: കൊന്നക്കാട് മാലോത്തിനടുത്തുള്ള വനത്തില്‍ ഉരുള്‍പൊട്ടൽ: തേജസ്വിനി പുഴയിൽ ജലനിരപ്പ് ഉയരുന്നു
2019 മാര്‍ച്ച് രണ്ടിന് സര്‍വകലാശാലയില്‍ നടന്ന അദാലത്തിലാണ് മന്ത്രി ഇടപെട്ടതായി പറയുന്നത്. ബിരുദാനന്തര ബിരുദ പ്രവേശനത്തിന് പൊതുവിഭാഗത്തിന് 50 ശതമാനം മാര്‍ക്ക് വേണമെന്നതാണ് നിബന്ധന. കാലിക്കട്ട് സര്‍വകലാശാലയ്ക്കു കീഴിലുള്ള പാലക്കാട് വിക്ടോറിയ കോളജില്‍ സ്പോര്‍ട്സ് ക്വോട്ട പ്രവേശനം ക്രമപ്പെടുത്തിക്കൊടുക്കാന്‍ മന്ത്രി ഇടപെട്ടതായാണ് ആക്ഷേപം.
ഈ വിദ്യാര്‍ഥി സമര്‍പ്പിച്ച സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകള്‍ ഒന്നുംതന്നെ പ്രവേശനം നേടുന്നതിനായി യൂണിവേഴ്സിറ്റി നിഷ്കര്‍ഷിച്ച മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുള്ളവയുമല്ല. അഞ്ചു ശതമാനം മാര്‍ക്കിളവ് സ്പോര്‍ട്സ് ക്വോട്ടയില്‍ വരുമ്പോൾ ഉണ്ട്. എന്നാല്‍, വിക്ടോറിയയില്‍ പിജി പ്രവേശനത്തിനായി സ്പോര്‍ട്സ് ക്വോട്ടയില്‍ അപേക്ഷിച്ച വിദ്യാര്‍ഥിക്ക് 45 ശതമാനം മാര്‍ക്ക് ഉണ്ടായിരുന്നില്ല. ഇക്കാര്യങ്ങള്‍ സര്‍വകലാശാല ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍, ഈ വിദ്യാര്‍ഥിയുടെ പ്രവേശനം ക്രമപ്പെടുത്താന്‍ അദാലത്തിനു ശേഷം നടന്ന അക്കഡേമിക് കൗണ്‍സിലില്‍ മന്ത്രിയുടെ താത്പര്യപ്രകാരം തീരുമാനിച്ചതായും ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ടു കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ ഇവയെല്ലാം വിശദീകരിച്ചു ഗവര്‍ണര്‍ക്കു വീണ്ടും കത്തു നല്‍കിയതായും രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നടക്കുന്ന മാര്‍ക്ക് കുംഭകോണത്തില്‍ ജുഡീഷല്‍ അന്വേഷണം നടത്തണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു.
Post Your Comments