KeralaLatest NewsNews

ഇനി മുതല്‍ പരസ്യപ്രതികരണം വേണ്ട, ഒരുതരത്തിലും യോജിക്കാനാകില്ല: പി.വി അന്‍വറിനോട് സിപിഎം

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെ പി വി അന്‍വറിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പാര്‍ട്ടിയേയും മുന്നണിയേയും ദുര്‍ബലപ്പെടുത്തുന്ന നടപടിയാണ് അന്‍വറിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നതെന്നും പരസ്യ പ്രതികരണങ്ങളില്‍ നിന്ന് പിന്‍മാറണമെന്നും സിപിഎം അഭ്യര്‍ത്ഥിച്ചു. പി വി അന്‍വറിനോട് ഒരു തരത്തിലും യോജിപ്പില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Read Also: ബൈക്കില്‍ നിന്നുകൊണ്ട് റീല്‍; നിയന്ത്രണം വിട്ട ബൈക്ക് കാറുമായി കൂട്ടിയിടിച്ച്  യുവാക്കള്‍ക്ക് ദാരുണാന്ത്യം

സിപിഎം പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം

‘നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര എം.എല്‍.എ എന്ന നിലയിലാണ് നിയമസഭയിലും, നിലമ്പൂര്‍ മണ്ഡലത്തിലും പ്രവര്‍ത്തിച്ചുവരുന്നത്. അദ്ദേഹം സി.പി.ഐ (എം) പാര്‍ലമെന്ററി പാര്‍ട്ടി അംഗവുമാണ്’.

‘ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ മുന്‍പാകെ രേഖാമൂലം സമര്‍പ്പിച്ചിട്ടുണ്ട്. പരാതിയുടെ കോപ്പി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരിന്റെ അന്വേഷണത്തിലും, പാര്‍ട്ടി പരിശോധിക്കേണ്ട വിഷയങ്ങള്‍ പാര്‍ട്ടിയുടെ പരിഗണനയിലുമാണ്. വസ്തുതകള്‍ ഇതായിരിക്കെ ഗവണ്‍മെന്റിനും, പാര്‍ട്ടിക്കുമെതിരെ അദ്ദേഹം തുടര്‍ച്ചയായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുവരികയാണ്. പി.വി അന്‍വര്‍ എം.എല്‍.എയുടെ ഈ നിലപാടിനോട് പാര്‍ട്ടിക്ക് യോജിക്കാന്‍ കഴിയുന്നതല്ല’.

‘പി.വി അന്‍വര്‍ എം.എല്‍.എ സ്വീകരിക്കുന്ന ഇത്തരം നിലപാടുകള്‍ പാര്‍ട്ടി ശത്രുക്കള്‍ക്ക് ഗവണ്‍മെന്റിനേയും, പാര്‍ട്ടിയേയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്. ഇത്തരം നിലപാടുകള്‍ തിരുത്തി പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനുള്ള സമീപനത്തില്‍ നിന്നും പിന്തിരിയണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിക്കുന്നു’.

shortlink

Related Articles

Post Your Comments

Related Articles


Back to top button