കൊച്ചി: പിറവം പള്ളിത്തര്‍ക്കത്തെ തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം പിറവം സെന്റ് മേരീസ് പള്ളിയില്‍ കയറി കുര്‍ബാന നടത്തിയതിന് പിന്നാലെ പ്രതിഷേധവുമായി യാക്കോബായ വിഭാഗം. യാക്കോബായ വിഭാഗം റോഡില്‍ കുര്‍ബാന നടത്തി. യാക്കോബായ വിഭാഗത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിശ്വാസികളുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും സംഘടിപ്പിച്ചിരുന്നു.
യാക്കോബായ വിഭാഗം വൈദികന്റെ നേതൃത്വത്തിലാണ് റോഡില്‍ കുര്‍ബാന നടത്തിയ ശേഷം പ്രതിഷേധ റാലിയുമായി വിശ്വാസികള്‍ മുന്നോട്ട് പോയത്. വിശ്വാസികളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം നടക്കുന്നുണ്ടെങ്കില്‍ അവരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ഹൈക്കോടതി ജില്ലാ ഭരണകൂടത്തോട് ഉത്തരവിട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ പള്ളിയുടെ സമീപത്തുനിന്നും മാറിയാണ് പ്രതിഷേധ റാലി സംഘടിപ്പിച്ചത്. പള്ളിവിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്നും തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും ഇപ്പോള്‍ മനുഷ്യാവകാശ ലംഘനമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും യാക്കോബായ വിഭാഗം പറയുന്നു. പള്ളിയില്‍ മൃതദേഹം പോലും അടക്കാന്‍ അനുവദിക്കാത്തത് നീതി നിഷേധമാണെന്നും യാക്കോബായ വിഭാഗം ആരോപിച്ചു. നിയമനടപടികളുമായി വീണ്ടും മുന്നോട്ട് പോകാനാണ് തീരുമാനമെന്നും തങ്ങള്‍ വര്‍ഷങ്ങളായി ആരാധന നടത്തുന്ന പള്ളി വിട്ടുനല്‍കാന്‍ കഴിയില്ലെന്നുമാണ് വിശ്വാസികള്‍ പറയുന്നത്.
ഓര്‍ത്തഡോക്‌സ് വൈദികന്‍ വട്ടക്കാട്ടിലിന്റെ കാര്‍മികത്വത്തിലാണ് ഓര്‍ത്തഡോക്‌സ് വിഭാഗം കുര്‍ബാന നടത്തിയത്. പള്ളിയില്‍ കുര്‍ബാന നടത്താന്‍ ഇന്നലെ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇനി ഒരു ഉത്തരവുണ്ടാകും വരെ കളക്ടര്‍ക്കായിരിക്കും പള്ളിയുടെ നിയന്ത്രണം. പള്ളിയുടെ പരിസരത്ത് കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പള്ളി ഏറ്റെടുത്തു എന്ന് കാണിച്ച് കളക്ടര്‍ ഇന്നലെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പള്ളിയില്‍ കയറാന്‍ യാക്കോബായ വിഭാഗം അനുവദിക്കാഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.
Post Your Comments