ചെന്നൈ: ചെന്നൈ പോലീസിന് ഇനി ആശ്വസിക്കാം. പ്രദേശത്ത് സാമുദായിക ഐക്യം കൊണ്ടുവരുന്നതിനായി വര്‍ഷങ്ങളായി സിറ്റി പോലീസ് നടത്തിയ ശ്രമങ്ങള്‍ക്ക് ഫലം കണ്ടിരിക്കുകയാണ്. സെപ്റ്റംബര്‍ ആദ്യവാരം ആഘോഷിച്ച വിനായക ചതുര്‍ത്ഥി, മുഹറം ആഘോഷങ്ങള്‍ മതസൗഹാര്‍ദ്ദത്തിന്റെ വേദിയായി മാറിയത് തന്നെയാണ് അതിന് പ്രധാന കാരണം. വര്‍ഷങ്ങളായി സാമൂഹായിക സംഘര്‍ഷങ്ങള്‍ നടന്നിരുന്ന ട്രിപ്ലിക്കാന്‍, ഐസ് ഹൗസ് പ്രദേശത്താണ് പോലീസിന്റെ ഇടപെടലിലൂടെ മതസൗഹാര്‍ദ്ദം വീണ്ടെടുക്കാനായത്. ഇതിനായി വിവിധ മതനേതാക്കളുമായി പോലീസ് ചര്‍ച്ചകളും നടത്തിയിരുന്നു.
വിനായക ചതുര്‍ത്ഥി ആഘോഷവേളയില്‍ മുസ്ലീങ്ങള്‍ സമാധാനം നിലനിര്‍ത്താമെന്ന വാഗ്ദാനം പാലിക്കുക മാത്രമല്ല, വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്ക് വേണ്ട സഹായങ്ങള്‍ നല്‍കിയെന്നും പോലീസ് പറയുന്നു. മുഹറം ആഘോഷങ്ങള്‍ നടക്കുന്ന സമയം ഹിന്ദുക്കള്‍ പള്ളികള്‍ക്ക് പുറത്ത് നിന്നു കൊണ്ട് ശീതളപാനീയങ്ങള്‍ വിതരണം ചെയ്തുവെന്നും പരസ്പരം സന്തോഷം പങ്കിട്ടും സഹായങ്ങള്‍ ചെയ്തുമായിരുന്നു ആഘോഷ പരിപാടികള്‍ നടന്നതെന്നും പോലീസ് വ്യക്തമാക്കി.
സൗഹൃദപരമായ അന്തരീക്ഷമായിരുന്നു ചെന്നൈയില്‍ നിലനിന്നിരുന്നതെന്നും, ഈ സവിശേഷത പലര്‍ക്കും ഒരു മാതൃകയാണെന്നും റായ്‌പേട്ട അസിസ്റ്റന്റ് കമ്മീഷണര്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു. ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ എ കെ വിശ്വനാഥനാണ് ഇത്തരത്തില്‍ ഒരു ആശയം ആവിഷ്‌കരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1990 ല്‍ ട്രിപ്ലിക്കാനില്‍ നടന്ന ഒരു വിനായക ചതുര്‍ത്ഥി ഘോഷയാത്രയില്‍ ഉണ്ടായ വര്‍ഗീയ കലാപത്തിനുശേഷം ഹിന്ദു- മുസ്ലീം ആഘോഷവേളകളില്‍ എല്ലായ്പ്പോഴും പോലീസ് പിരിമുറുക്കത്തിലായിരുന്നു. അന്ന് പോലീസ് വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എല്ലാവര്‍ഷവും പോലീസ് നടത്തിയിരുന്നെന്നും പോലീസുദ്യോഗസ്ഥര്‍ പറയുന്നു.
Post Your Comments