കൊൽക്കത്ത: അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് ശാരദ ചിട്ടി തട്ടിപ്പ് കേസിൽ കൊൽക്കത്ത മുൻ പൊലീസ് കമീഷണർ രാജീവ് കുമാർ നൽകിയ ഹരജി കൊൽക്കത്ത ഹൈകോടതി തള്ളി. ശാരദ ചിട്ടി തട്ടിപ്പിൽ സി.ബി.ഐയാണ് രാജീവ് കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ രാജീവ് കുമാർ തെളിവു നശിപ്പിച്ചെന്നാണ് സിബിഐ വാദം.
സമൂഹത്തിലെ പ്രമുഖര്‍ ഉൾപ്പെട്ട 200 ഓളം കമ്പനികളുടെ കൺസോഷ്യമായിരുന്നു ചിട്ടി കമ്പനിക്ക് പിന്നിൽ. അന്താരാഷ്ട്ര പണമിടപാടും രാഷ്ട്രീയ ബന്ധവും ചൂണ്ടിക്കാട്ടി സുപ്രീം കോടതിയാണ് ചിട്ടിതട്ടിപ്പ് കേസ് അന്വേഷണം സിബിഐയെ ഏൽപ്പിക്കുന്നത്. വൻ തുക നൽകുമെന്ന് വിശ്വസിപ്പിച്ച് സാധാരണക്കാരിൽ നിന്ന് നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതിയാണ് 2014 ൽ രജിസ്റ്റര്‍ ചെയ്ത ശാരദാ ചിട്ടിതട്ടിപ്പ് കേസ്.
സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്നു രാജീവ് കുമാര്‍. സുപ്രീം കോടതി തന്നെ നിര്‍ദ്ദശിച്ച് കേസ് സിബിഐ ഏറ്റെടുത്തപ്പോൾ കേസ് ഡയറിയും ഫയലുകളും രാജീവ് കുമാര്‍ കൈമാറിയില്ലെന്ന് ആരോപണമുണ്ടായിരുന്നു. ശാരദ ചിട്ടി തട്ടിപ്പ് കേസ് മമത സർക്കാറിനെതിരായ വലിയ രാഷ്ട്രീയ ആയുധമായി പ്രതിപക്ഷം ഉയർത്തി കാട്ടിയിരുന്നു. പിന്നീട് രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാൻ സി.ബി.ഐയെ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചിരുന്നു.
Post Your Comments