ഭോപ്പാല്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ബജ്‌റംഗദള്‍. പാകിസ്താന്‍ ചാര സംഘടനയായ ഐ.എസ്.ഐയില്‍ നിന്ന് ബി.ജെ.പിയും ബജ്റംഗദളും പണം പറ്റുന്നുണ്ടെന്ന ദിഗ് വിജയ സിങിന്റെ പ്രസ്താവനക്കെതിരെയാണ് ബജ്‌റംഗദള്‍ രംഗത്തെത്തിയത്. ആരോപണം തെറ്റാണെന്നും ദിഗ് വിജയ സിങിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പാര്‍ട്ടി ദേശീയ കണ്‍വീനര്‍ സോഹന്‍ സോളങ്കി വ്യക്തമാക്കി. ബജ്‌റംഗദള്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താറില്ലെന്നും അദ്ദേഹം പറഞ്ഞു.
‘മഴക്കാലത്ത് ആരെങ്കിലും അന്ധനാവുകയാണെങ്കില്‍, അവര്‍ ജീവിതകാലം മുഴുവന്‍ പച്ചപ്പാണ് കാണുക. ഹിന്ദു വിരുദ്ധ മാനസികാവസ്ഥയില്‍ ദിഗ് വിജയ് സിംഗ് ജി അന്ധനായി, അതിനാല്‍ അദ്ദേഹത്തിന് രാജ്യത്തെ ഹിന്ദു സംഘടനകള്‍ ചെയ്യുന്ന നല്ല പ്രവര്‍ത്തനങ്ങള്‍ കാണാന്‍ കഴിയില്ലയെന്നും’ സോഹന്‍ സോളങ്കി പറഞ്ഞു.
ഇന്ത്യന്‍ രഹസ്യങ്ങള്‍ അടങ്ങിയ രേഖകള്‍ പാകിസ്ഥാന്‍ സ്വദേശിക്ക് കൈമാറാന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് പേരെ മദ്ധ്യപ്രദേശിലെ തീവ്രവാദ വിരുദ്ധ വിഭാഗം പിടികൂടിയിരുന്നു. ഇതിലൊരാള്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകനാണെന്നും 20717ല്‍ ബി.ജെ.പി ഐ.ടി സെല്‍ പ്രവര്‍ത്തകനുമായി ചേര്‍ന്ന് സമാനമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നുമാണ് കോണ്‍ഗ്രസിന്റെ ആരോപണം.
പാക് ഭീകരസംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന കുറ്റത്തിന് ബജ്റംഗദള്‍ നേതാവ് ബല്‍റാം സിങ് അടക്കം അഞ്ച് പേരെ ആഗസ്റ്റ് 21ന് മധ്യപ്രദേശിലെ സത്നയില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദിഗ്വിജയ് സിങിന്റെ വിമര്‍ശനം.
സംഘപരിവാറിനും ബി.ജെ.പിക്കും ആരുടെയും കയ്യിലെ രാജ്യസ്‌നേഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ഇന്ത്യാക്കാര്‍ക്കും ലോകത്തിന് മുഴുവനും ഇതേക്കുറിച്ച് വ്യക്തമായി അറിയാം. അദ്ദേഹം മനപ്പൂര്‍വമാണ് ഇത്തരത്തിലുള്ള പ്രസ്‌താവനകള്‍ നടത്തുന്നത്. പാകിസ്ഥാന്റെ ഭാഷയിലാണ് ദിഗ്‌വിജയ് സിംഗിന്റെ സംസാരം.
Post Your Comments