ന്യൂഡെല്‍ഹി : കഴിഞ്ഞ കുറച്ചു ദിവസമായി മുഖം മറച്ചുള്ള 11 പെണ്‍കുട്ടികളുടെ ഫോട്ടോയും അത് സംബന്ധിക്കുന്ന വാര്‍ത്തയുമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
ഛത്തീസ്ഗഢിന്റെ വിവിധ പ്രവിശ്യകളില്‍ നിന്ന് കഴിഞ്ഞ ഏഴ് മാസത്തിനിടെ ലൗ ജിഹാദിന്റെ ഇരകളായി കാണാതായ 46 പെണ്‍കുട്ടികളില്‍ 11 പേരെ ഛത്തീസ്ഗഢ് പൊലീസ് കണ്ടെത്തി രക്ഷപ്പെടുത്തിയെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത. പൊലീസ് രക്ഷപ്പെടുത്തിയെന്നു പറയുന്ന 11 പെണ്‍കുട്ടികളുടെ ഫോട്ടോ സഹിതമാണ് വാര്‍ത്ത പ്രചരിക്കുന്നത്. 11 പെണ്‍കുട്ടികളും മുഖം മറച്ച നിലയിലാണ്. ഈ ഫോട്ടോയ്ക്ക് മുകളിലായി കവാര്‍ധാ, കബിര്‍ദം, ഛത്തീസ്ഗാര്‍ഹ്, ഇന്ത്യ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ആഗസ്റ്റ് 25ന് പുഷ്‌പേന്ദ്ര ഖുല്‍ശ്രേഷ്ത എന്നയാളാണ് ഫോട്ടോ സഹിതം ട്വിറ്ററില്‍ ഈ വാര്‍ത്ത പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ പോസ്റ്റിന് 2000 റിട്വീറ്റും, 3000 ലൈക്കും കിട്ടിയിട്ടുമുണ്ട്. ഇതേ വാര്‍ത്തയും ചിത്രവും ആഗസ്റ്റ് 27ന് ഇയാള്‍ ഫേസ്ബുക്കിലും ഷെയര്‍ ചെയ്തു.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ വാര്‍ത്ത പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ അതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ഛത്തീസ്ഗഢ് പൊലീസ് രംഗത്തെത്തിയതോടെയാണ് ഈ വാര്‍ത്തയും ചിത്രവും വ്യാജമാണെന്ന് തെളിഞ്ഞത്. ഈ ചിത്രം 2018 ല്‍ സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട് റായ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തവരുടെയാണെന്ന് ചത്തീസ്ഗഢ് പൊലീസ് സാക്ഷ്യപ്പെടുത്തി. ഛത്തീസ്ഗഢിലെ ഒരു സ്പാ ആന്‍ഡ് മസാജ് പാര്‍ലര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുവന്നിരുന്ന സെക്‌സ്‌റാക്കറ്റിനെ റായ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചിത്രത്തില്‍ കാണുന്ന 11 പേരും അതിലുള്‍പ്പെട്ടവരാണ്. അറസ്റ്റിലായവര്‍ സിക്കിം സംസ്ഥാനത്തുള്ളവരാണെന്നും പൊലീസ് പറഞ്ഞു
Post Your Comments