2019 ലെ ഓണം ചിത്രങ്ങള്‍ക്കുമുണ്ട് പ്രത്യേകത : ഓണചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലെത്തിയ്ക്കുന്നത് അഞ്ച് പുതുമുഖ സംവിധായകര്‍. ഇട്ടിമാണി- മെയ്ഡ് ഇന്‍ ചൈന, ബ്രദേഴ്‌സ് ഡേ, ലവ് ആക്ഷന്‍ ഡ്രാമ, ഫൈനല്‍സ്- ഈ ഓണക്കാലത്ത് തിയേറ്ററുകളിലെത്താനിരിക്കുന്ന പുതിയ ചിത്രങ്ങള്‍. ഈ നാലു ചിത്രങ്ങള്‍ക്കും കൗതുകമുണര്‍ത്തുന്ന ഒരു സാമ്യം കൂടിയുണ്ട്. വന്‍ താരനിരയുള്ള ഈ ചിത്രങ്ങളുടെ അണിയറയില്‍ പ്രവര്‍ത്തിച്ചിരിക്കുന്ന സംവിധായകരെല്ലാം നവാഗതരാണ്. ചിലപ്പോള്‍ മലയാളസിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാവാം, നവാഗതര്‍ കയ്യൊപ്പു ചാര്‍ത്തുന്ന ഒരു ഓണം റിലീസ് കാലം എന്നത്. കലാഭവന്‍ ഷാജോണ്‍, ജിബു- ജോജു, ധ്യാന്‍ ശ്രീനിവാസന്‍, പി ആര്‍ അരുണ്‍ എന്നിവരാണ് ഈ ഓണക്കാലത്ത് തങ്ങളുടെ ആദ്യ സംവിധാന സംരംഭവുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്.
മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണിയുമായി ജിബുവും ജോജുവുമെത്തുന്നത് രണ്ടര പതിറ്റാണ്ടോളം നീണ്ട സിനിമയ്ക്കു പിന്നാലെയുള്ള അലച്ചിലിന് ഒടുവിലാണ്. മിമിക്രി കലാകാരനായി കലാജീവിതം ആരംഭിച്ച കലാഭവന്‍ ഷാജോണിനാവട്ടെ, 18 വര്‍ഷത്തോളം നീണ്ട അഭിനയജീവിതത്തില്‍ നിന്നുമുള്ള അപ്രതീക്ഷിത വഴിത്തിരിവാണ് ബ്രദേഴ്‌സ് ഡേ.
അച്ഛനും ചേട്ടനുമെല്ലാം സ്വന്തമായി മേല്‍വിലാസം ഉണ്ടാക്കിയെടുത്ത സിനിമയുടെ മായിക ലോകത്തേക്ക് നടനായി അരങ്ങേറ്റം കുറിക്കുമ്പോഴും മനസ്സില്‍ കൊണ്ടുനടന്ന ഒരു വലിയ മോഹത്തിന്റെ പേരാണ് ധ്യാന്‍ ശ്രീനിവാസനെ സംബന്ധിച്ച് സംവിധാനം എന്നത്. ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ ധ്യാനും തന്റെ സ്വപ്നം കയ്യെത്തി തൊടുകയാണ്. നാടകരംഗത്തും മാധ്യമലോകത്തുമൊക്കെ പ്രവര്‍ത്തിക്കുമ്പോഴും അരുണ്‍ പി ആര്‍ എന്ന ചെറുപ്പക്കാരന്‍ കണ്ട സ്വപ്നമാണ് ഫൈനല്‍സ് എന്ന ചിത്രത്തിലൂടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.
Post Your Comments