സിനിമയിലെ നായികാ നായകന്മാരുടെ വസ്ത്രങ്ങളും ഹെയര്‍ സ്‌റ്റൈലും ആഭരണങ്ങളും ഒക്കെ മിക്കപ്പോഴും ഫാഷന്‍ലോകം കീഴടക്കാറുണ്ട്. വെള്ളിത്തിരയില്‍ കാണുന്ന നമ്മുടെ പ്രിയതാരത്തെ അനുകരിക്കാനുള്ള ശ്രമം തന്നെയാണ് അതിന് പിന്നിലും. ഇത്തരത്തില്‍ പുറത്തിറങ്ങുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ ആ സിനിമയുടെ പേരില്‍ തന്നെയാണ് അറിയപ്പെടാറുള്ളത്. മോഹന്‍ലാല്‍ ചിത്രം ‘ഇട്ടിമാണി’ ഓണം റിലീസായി തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുമ്പോള്‍ ചിത്രത്തിനൊപ്പം കോസ്റ്റ്യൂമുകളും ഏറെ ശ്രദ്ധ നേടുകയാണ്. പുലിമുരുകന്‍ ചെരുപ്പ് പോലെ ‘ഇട്ടിമാണി’ മുണ്ടും ഹിറ്റാക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
നിരവധി പ്രശസ്ത സിനിമകള്‍ക്ക് വസ്ത്രാലങ്കാരമൊരുക്കിയ സുജിത്ത് സുധാകരന്‍ എന്ന ഫാഷന്‍ ഡിസൈനറാണ് ‘ഇട്ടിമാണി’യില്‍ മോഹന്‍ലാലിനു വേണ്ടി വസ്ത്രമൊരുക്കിയിരിക്കുന്നത്. സിനിമയില്‍ മുണ്ട് എങ്ങനെ വ്യത്യസ്തമാക്കാം എന്ന ആശയം ആദ്യം മുന്നോട്ടുവച്ചത് സംവിധായകരായ ജോജുവും ജിബിയുമായിരുന്നുവെന്ന് സുജിത്ത് പറയുന്നു. 10-12 മുണ്ടുകളാണ് ‘ഇട്ടിമാണി’യ്ക്കായി പ്രത്യേകം ഡിസൈന്‍ ചെയ്തത്. വളരെ കുറഞ്ഞ എണ്ണമായതു കൊണ്ട് കര നെയ്തെടുക്കല്‍ ബുദ്ധിമുട്ടായിരുന്നു. അങ്ങനെയാണ് പ്രിന്റ് ചെയ്യാം എന്ന തീരുമാനത്തിലെത്തിയതതെന്ന് സുജിത്ത് പറയുന്നു. ചൈനീസ് ടെക്സ്ച്ചറുകളാണ് കരയുടെ ഭാഗത്ത് ഉപയോഗിച്ചിരിക്കുന്നതെന്നതാണ് ഇതിന്റെ പ്രത്യേകത. ഡ്രാഗണ്‍ പോലുള്ള ഡിസൈനുകളും കൊണ്ടു വന്നിട്ടുണ്ട്. കുറച്ചു ലൗഡ് ആയ ഡിസൈനാണ് ചെയ്തിരിക്കുന്നത്.
‘ഇട്ടിമാണി’യിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നു തുടങ്ങിയതോടെ മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രമുഖ വസ്ത്രനിര്‍മ്മാണ കമ്പനികള്‍ എല്ലാം ഓണം വിപണിയെ ലക്ഷ്യമാക്കി ‘ഇട്ടിമാണി’ മുണ്ടുകള്‍ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. ”വലിയൊരു മാര്‍ക്കറ്റാണ് മുണ്ടുകളുടേത്. ആളുകള്‍ ഡിസൈന്‍ ശ്രദ്ധിക്കുന്നു എന്നുകണ്ട് ചില കമ്പനികളൊക്കെ അതില്‍ നിന്നും പ്രചോദനമുള്‍കൊണ്ട് പുതിയ ഡിസൈനുകളുമായി രംഗത്തുവന്നിട്ടുണ്ട്. ചൈനീസ് അക്ഷരങ്ങളാണ് കരയ്ക്കായി അവര്‍ ഉപയോഗിച്ചിരിക്കുന്നതെന്നും സുജിത്ത് പറയുന്നു.
സിമ്പിള്‍ ഡിസൈനിലുള്ള കാഷ്വല്‍ വെയറുകളായാണ് ഇട്ടിമാണിയിലെ ഷര്‍ട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്. അത്ര സാധാരണമല്ലാത്ത പാറ്റേണുകളാണ് ഇവയില്‍. എല്ലാ ഷര്‍ട്ടുകള്‍ക്കും ചൈനീസ് കോളറാണ് നല്‍കിയിരിക്കുന്നത്. പ്രേമം’ സിനിമയിലെ നിവിന്‍ പോളിയുടെ ബ്ലാക്ക് ആന്റ് വൈറ്റ് ഡ്രസ് കോമ്പിനേഷന്‍ തരംഗമായതു പോലെ ‘ഇട്ടിമാണി’ ഡിസൈന്‍ ഷര്‍ട്ടുകളും മുണ്ടുകളും ഈ ഓണക്കാലത്തിന്റെ ട്രെന്‍ഡാകുമെന്ന് പ്രതീക്ഷിക്കാം.
Post Your Comments