20 വര്‍ഷം മുമ്പ് നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സാക്ഷാല്‍ സോണിയഗാന്ധിയെ വിറപ്പിച്ചിട്ടുണ്ട് സുഷമ സ്വരാജ്. 1999ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ബെല്ലാരിയില്‍ സോണിയാ ഗാന്ധിക്കെതിരേ മത്സരിക്കാന്‍ പാര്‍ട്ടി സുഷമാ സ്വരാജിനോടാവശ്യപ്പെടുകയായിരുന്നു. പാരമ്പര്യമായി കോണ്‍ഗ്രസിനെ മാത്രം തുണയ്ക്കുന്ന മണ്ഡലമായിരുന്നു ബെല്ലാരി. അന്ന് 3,58,550 വോട്ടുകള്‍ നേടി സുഷമ കോണ്‍ഗ്രസിനെ വിറപ്പിച്ചു. വെറും 56,100 വോട്ടുകള്‍ക്കാണ് സുഷമ അന്ന് പരാജയപ്പെട്ടത്. 1970ല്‍ എ.ബി.വി.പിയിലൂടെയാണ് സുഷമ രാഷ്ട്രീയജീവിതം തുടങ്ങുന്നത്.
കോളജ് കാലത്തേ മികച്ച പ്രാസംഗിക ആയിരുന്നു. 1975 ലെ അടിയന്തരാവസ്ഥക്കെതിരേ ശക്തമായ പ്രചാരണം നടത്തി ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയര്‍ന്നു. 1977 മുതല്‍ 1982 വരേയും, 1987 മുതല്‍ 90 വരേയും ഹരിയാന നിയമസഭയില്‍ അംഗമായിരുന്നു. ഹരിയാനയില്‍ ബി.ജെ.പി-ലോക്ദള്‍ സഖ്യത്തിലൂടെ അധികാരത്തില്‍ വന്ന മന്ത്രിസഭയില്‍ സുഷമാ സ്വരാജ് .വിദ്യാഭ്യാസമന്ത്രിയായിരുന്നു. വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ അവരുടെ നേതൃത്വപാടവം, ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് എന്ന സ്ഥാനത്തേക്ക് സുഷമയെ ഉയര്‍ത്തി.
ഹരിയാനയിലുള്ള പാല്‍വാലിയാണ് സുഷമാ സ്വരാജിന്റെ ജനനം. അച്ഛന്‍ ഹര്‍ദേവ് ശര്‍മ അറിയപ്പെടുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു. പഞ്ചാബ് സര്‍വകലാശാലയില്‍നിന്നു നിയമബിരുദം നേടിയശേഷം സുപ്രീം കോടതിയില്‍ വക്കീല്‍ ആയി ജോലി നോക്കി.1990 രാജ്യസഭാംഗമായി. 1996ല്‍ കോണ്‍ഗ്രസിലെ പ്രബലനായിരുന്ന കപില്‍ സിബലിനെ 114006 വോട്ടുകളുടെ വ്യത്യാസത്തില്‍ കീഴ്‌പ്പെടുത്തി സുഷമ ആദ്യമായി ലോക്‌സഭാംഗമായി. 13 ദിവസം മാത്രം ആയുസുണ്ടായിരുന്ന ആ മന്ത്രിസഭയില്‍ സുഷമ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് വകുപ്പ് മന്ത്രിയായി.
പിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ സുഷമ വീണ്ടും അതേ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ അജയ് മാക്കനെ 116713 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സുഷമ പരാജയപ്പെടുത്തി വീണ്ടും ലോക്‌സഭയിലെത്തി. വാജ്‌പേയി മന്ത്രിസഭയില്‍ വീണ്ടും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പിന്റെ നേതൃത്വം ഏറ്റെടുത്തു. ഇത്തവണ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ അധിക ചുമതല കൂടിയുണ്ടായിരുന്നു.
1998ല്‍ കേന്ദ്രമന്ത്രിസഭയില്‍നിന്നു രാജിവച്ച സുഷമ ഡല്‍ഹി നിയമസഭയിലേക്കു മത്സരിച്ച് ജയിച്ച് ഡല്‍ഹിയുടെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായി. സോണിയയോടു മത്സരിച്ചു തോറ്റ പിന്നാലെ രണ്ടായിരത്തില്‍ ഉത്തര്‍പ്രദേശില്‍നിന്നു സുഷമ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.പിന്നീട് ഒരുപതിറ്റാണ്ടിനുശേഷം ബി.ജെ.പി. വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ ഒന്നാം മോഡി സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിപദത്തിലെത്തി മന്ത്രിസഭയിലെ തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു.
Post Your Comments