Latest NewsArticleIndia

വിദേശ മന്ത്രാലയത്തില്‍ സഹായം അഭ്യര്‍ത്ഥിച്ചവര്‍ക്ക് ഒരമ്മയെ പോലെ സ്‌നേഹവാത്സല്യങ്ങള്‍ ചൊരിഞ്ഞെല്ലാം നല്‍കി വിടപറഞ്ഞ സുഷമ സ്വരാജിനെ ഓര്‍ക്കുമ്പോള്‍

ഒന്നാം മോഡി സര്‍ക്കാരിലെ ഏറ്റവും കരുത്തുറ്റ മന്ത്രിയായിരുന്ന സുഷമാ സ്വരാജെന്ന പെണ്‍സിംഹം പ്രവാസികള്‍ക്ക് മാതൃതുല്യയായത് രാജ്യം ഒപ്പമുണ്ടെന്ന സാന്ത്വനസന്ദേശം തന്റെ പ്രവര്‍ത്തനങ്ങളിലൂടെ പകരാന്‍ അവര്‍ക്കു കഴിഞ്ഞതുക്കൊണ്ടായിരുന്നു.

അഞ്ജു പാര്‍വതി പ്രഭീഷ്

അംബരചുംബികളായ ബുര്‍ജ്ജുകളുടെയും സ്ഫടികം പോലെ തിളങ്ങുന്ന റോഡുകളിലൂടെ ചീറിപ്പായുന്ന ആഡംബരവാഹനങ്ങളുടെയും മോടിപിടിപ്പിച്ച ഷോപ്പിംഗ് മാളുകളുടെയും വര്‍ണ്ണവിസ്മയങ്ങളൊരുക്കുന്ന ഷോപ്പിംഗ് ഉത്സവങ്ങളുടെയും നിറമുള്ള ചിത്രങ്ങള്‍ക്കിടയില്‍ നിറമൊട്ടുമില്ലാത്ത ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ ഫ്രെയിമില്‍ തെളിയുന്ന കണ്ണുനീരിന്റെ ഉപ്പും വിരഹത്തിന്റെ നനവും ഉള്ള നേര്‍ചിത്രങ്ങളുടെ പേരാണ് പ്രവാസികള്‍. പ്രാരാബ്ദത്തിന്റെ ഭാണ്ഡം മുറുക്കി മണലാരണ്യങ്ങളില്‍ പ്രതീക്ഷയുടെ വിയര്‍പ്പുപാടം വിളയിക്കുന്ന പ്രവാസികളുടെ വേദന എന്നും അധികാരവര്‍ഗ്ഗത്തിനു ഒരു തീണ്ടാപാടകലെയായിരുന്നു. അവന്റെ ദുരിതങ്ങളും പ്രശ്‌നങ്ങളും അധികാരവര്‍ഗ്ഗത്തിന്റെ ചുവപ്പുനാടകള്‍ക്കുള്ളില്‍ കുരുങ്ങി കിടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്.
ആ അകലത്തിനും കാലത്തിനുമിടയിലേക്കാണ് ചിരിക്കുന്ന മുഖവുമായി, പെണ്‍കരുത്തിന്റെ പ്രതീകമായി ഒരു സ്ത്രീരത്‌നം വിദേശകാര്യ മന്ത്രിയായി അധികാരമേല്‍ക്കുന്നത്. ഒന്നാം മോഡി സര്‍ക്കാരിലെ ഏറ്റവും കരുത്തുറ്റ മന്ത്രിയായിരുന്ന സുഷമാ സ്വരാജെന്ന പെണ്‍സിംഹം പ്രവാസികള്‍ക്ക് മാതൃതുല്യയായത് രാജ്യം ഒപ്പമുണ്ടെന്ന സാന്ത്വനസന്ദേശം തന്റെ പ്രവര്‍ത്തനങ്ങളിലൂടെ പകരാന്‍ അവര്‍ക്കു കഴിഞ്ഞതുക്കൊണ്ടായിരുന്നു.

ജാതിമതരാഷ്ട്രീയഭേദമേന്യേ ഓരോ പ്രവാസിയും ഇന്ന് അവരുടെ വിയോഗത്തില്‍ ഉള്ളറിഞ്ഞ് വേദനിക്കുന്നുണ്ടെങ്കില്‍ അതിനു കാരണം പ്രവാസികളുടെ പ്രശ്‌നങ്ങളെ ഇത്രമേല്‍ അടുത്തറിഞ്ഞ് നീതി ഉറപ്പാക്കിയ മറ്റൊരു രാഷ്ട്രീയനേതാവ് ഇതിനു മുമ്പ് സ്വതന്ത്ര്യഭാരതത്തില്‍ ഉണ്ടായിട്ടില്ലെന്നത് തന്നെയാണ് കാരണം. ഒന്നാം യു. പി. എ സര്‍ക്കാരിന്റെ കാലത്താണ് പ്രവാസികാര്യവകുപ്പും വിദേശകാര്യ വകുപ്പും രണ്ടു സ്ഥാപനങ്ങളാക്കി മാറ്റിയത്. അതിനു വേണ്ട വകുപ്പ് മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയാണ് കോണ്‍ഗ്രസ് അധ്യക്ഷ ശ്രീമതി സോണിയ ഗാന്ധി മുന്‍കൈയെടുത്ത് പ്രവാസകാര്യമന്ത്രാലയം രൂപപ്പെടുത്തിയത്. പ്രവാസികളുടെ ക്ഷേമം മുന്‍നിറുത്തി ആരംഭിച്ച ഈ വകുപ്പ് പക്ഷേ പ്രവാസികള്‍ക്കായി ഒരു ചുക്കും ചെയ്തില്ലായെന്നതു കാലം അടിവരയിട്ടു തെളിയിച്ച സത്യമായിരുന്നു.

ALSO READ: കുല്‍ഭൂഷണ്‍ ജാദവിന്‍റെ കേസ് വാദിച്ചതിനുള്ള ഫീസ് ബാക്കി; ഒരു രൂപയുടെ കടം ബാക്കിയാക്കി സുഷമ യാത്രയായി;- ഹരീഷ് സാല്‍വ

പ്രവാസകാര്യമന്ത്രാലയത്തിന്റെ സ്വതന്ത്രചുമതലയുള്ള കാബിനറ്റ് മന്ത്രിയായി നമ്മുടെ സ്വന്തം വയലാര്‍ രവി അധികാരം ഏറ്റെടുത്തപ്പോള്‍ ഏറെ സന്തോഷിച്ചത് പ്രവാസിമലയാളികളായിരുന്നു. സമ്പന്നതയുടെ ഉത്തുംഗശ്രേണിയില്‍ ഇരിക്കുന്ന പ്രവാസികളെ കാണാനേ പക്ഷേ അദേഹത്തിന് കഴിഞ്ഞുള്ളു. രവി പിള്ളയെയും യൂസഫ് അലിയെയും ആലൂക്കമാരെയും അവരുടെ പ്രശ്‌നങ്ങളെയും വേണ്ട രീതിയില്‍ പരിഗണിച്ച ശ്രീ വയലാര്‍ രവി ഒരിക്കല്‍ പോലും ലേബര്‍ ക്യാമ്പുകളില്‍ ദുരിതമനുഭവിക്കുന്ന ആയിരങ്ങളെയോ മണലാരണ്യങ്ങളില്‍ തൊഴിലെടുക്കുന്ന ആട്ജന്മങ്ങളെയും വീട്ടുതടങ്കലില്‍ രാവും പകലും എല്ലുമുറിയോളം പണിയെടുക്കുന്ന ഗദ്ദാമമാരെയും കണ്ടില്ലെന്നു നടിക്കുകയാണ് ചെയ്തത്.

സാധാരണക്കാരായ പ്രവാസികള്‍ക്ക് വേണ്ടി എട്ടുവര്‍ഷത്തോളം ഒരു വകുപ്പിന്റെ ചുക്കാന്‍ പിടിച്ചയാള്‍ എന്ത് ചെയ്തുവെന്ന് ചോദിച്ചാല്‍ കണ്ണടച്ചുക്കൊണ്ട് ആ ചോദ്യം കേട്ടില്ലെന്നു നടിക്കാന്‍ മാത്രമേ തീവ്രകോണ്‍ഗ്രസ് ഭക്തര്‍ക്ക് പോലും കഴിയുകയുള്ളൂ. അവിടെയാണ് പെണ്‍മയെന്ന വാക്കിനു ഒരേ സമയം സ്ത്രീശക്തിയെന്നും മാതൃഭാവമെന്നും രണ്ടര്‍ത്ഥമുണ്ടെന്നു കര്‍മ്മമണ്ഡലം കൊണ്ട് തെളിയിച്ച ശ്രീമതി സുഷമാ സ്വരാജ് വ്യത്യസ്തയാകുന്നത്. അവഗണന മാത്രം കണ്ടുശീലിച്ച പ്രവാസികള്‍ക്ക് വിരല്‍ത്തുമ്പില്‍ സാന്ത്വനവര്‍ഷവുമായി എത്തുന്ന വിദേശകാര്യമന്ത്രി എന്നും അത്ഭുതമായിരുന്നു.

ALSO READ: സുഷമ സ്വരാജിന്റെ വേർപാട്; പികെ ശ്രീമതി അനുശോചനം രേഖപ്പെടുത്തി

അവര്‍ എന്നും നിലകൊണ്ടത്സാധാരണക്കാര്‍ക്ക് ഒപ്പമായിരുന്നു. പ്രവാസവകുപ്പ് ഇല്ലാതാക്കി പ്രവാസകാര്യത്തെ വിദേശകാര്യത്തിന് കീഴില്‍ കൊണ്ട് വന്ന അവരുടെ ഭരണമികവിനെ സാക്ഷപ്പെടുത്താന്‍ എത്രയെത്ര ജീവിതസാക്ഷ്യങ്ങള്‍. അവരുടെ മാനുഷികപരിഗണനയിലും നീതിനിര്‍വ്വഹണത്തിലും കരുപ്പിടിച്ച എത്രയെത്ര കുടുംബങ്ങള്‍. മാലദ്വീപിലെ എന്റെ അദ്ധ്യാപനജീവിതത്തിനിടെ ഞാന്‍ കണ്ടറിഞ്ഞ ചില അനുഭവസാക്ഷ്യങ്ങള്‍ക്കൊപ്പം മലയാളിപ്രവാസികള്‍ക്കായി അവര്‍ ചൊരിഞ്ഞ സാന്ത്വനവര്‍ഷങ്ങള്‍ ഒരിക്കല്‍ക്കൂടിപങ്കുവയ്ക്കട്ടെ!

External affairs minister sushama swarajs tri nation visit begins

മാലദ്വീപില്‍ നിന്നും ജയചന്ദ്രന്‍ മൊകേരിയും റുബീനയും രാജേഷും സുഷമാസ്വരാജെന്ന വിദേശകാര്യമന്ത്രിയുടെ സ്‌നേഹസാന്ത്വനത്തിന്റെയും കരുതലിന്റെയും ദയാവായ്പിന്റെയും പിന്‍ബലത്തില്‍ ജീവിതത്തോണിയിലേറെ മറുകര പറ്റിയവരായിരുന്നു. ചെയ്യാത്ത കുറ്റത്തിന് ഒന്‍പതു മാസത്തോളം മാലദ്വീപില്‍ തടവില്‍ കഴിയേണ്ടി വന്ന ജയചന്ദ്രന്‍ മൊകേരിയെന്ന കോഴിക്കോട്ടുകാരനായ അധ്യാപകനെ ഇന്ന് നമ്മള്‍ അറിയുന്നത് എഴുത്തിന്റെ വഴികളിലൂടെയാണ്. അനുഭവത്തിന്റെ തീച്ചൂളയില്‍ നിന്നും സ്ഫുടം ചെയ്‌തെടുത്ത അക്ഷരങ്ങള്‍ കൊണ്ട് അദ്ദേഹം ഇന്ന് മലയാളികളെ വിസ്മയിപ്പിക്കുന്നത് തക്കിജ്ജയെന്ന പുസ്തകത്തിലൂടെയാണ്. തക്കിജ്ജയിലൂടെ അദ്ദേഹം കോറിയിടുന്നത് ഓരോ പ്രവാസിയും കടന്നു പോകേണ്ടി വരുന്ന അഗ്‌നിപരീക്ഷകളാണ്. എന്നാല്‍ എന്നും അദ്ദേഹം ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നത് ദൈവത്തിനു മാത്രമായിട്ടല്ല. കൂടെ സുഷമാ സ്വരാജ് എന്ന അമ്മമനസ്സുള്ള രാഷ്ട്രീയനേതാവിനുകൂടിയായിരുന്നു. മിക്ക വിദേശരാജ്യങ്ങളിലുമെന്നതു പോലെ മാലദ്വീപിലെയും ഇന്ത്യന്‍ എംബസ്സി കെടുകാര്യസ്ഥതയുടെ പര്യായമാണ്.

ALSO READ: സുഷമ സ്വരാജിന് ആദരം അര്‍പ്പിച്ച് ലോകനേതാക്കള്‍; നഷ്ടപ്പെട്ടത് രാജ്യത്തിന്റെ അടുത്ത സുഹൃത്തിനെയെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി

ഏകദേശം എട്ടു മാസത്തോളം ചെയ്യാത്ത കുറ്റത്തിന് ഒരിന്ത്യന്‍ അദ്ധ്യാപകന്‍ തടവില്‍ കിടന്നപ്പോള്‍ അയാളുടെ മോചനത്തിനായി മാലദ്വീപിലെ ഇന്ത്യന്‍ ഹൈകമ്മിഷണര്‍ ഓഫിസ് ഒരു ചെറുവിരല്‍ പോലും അനക്കിയില്ലയെന്നതു ലജ്ജാവഹമായിരുന്നു. സുഷമാസ്വരാജ് നേരിട്ട് ഹൈക്കമ്മിഷന്‍ ഓഫിസില്‍ ബന്ധപ്പെട്ടപ്പോഴാണ് മൊകേരിയുടെ മോചനം സാധ്യമായത്. ഇടനിലക്കാരിലൂടെ മാത്രം പലപ്പോഴും പല കാര്യങ്ങളിലും ഇടപ്പെടുന്ന മന്ത്രിമാര്‍ക്ക് ഒരപദാനമായിരുന്നു സുഷമാ സ്വരാജിന്റെ ആ പ്രവര്‍ത്തി. അവരുടെ ശക്തമായ താക്കീതില്‍ മാലദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഓഫിസ് ഉണര്‍ന്നുപ്രവര്‍ത്തിച്ചു. പിന്നീടു അസാധ്യമെന്നു കരുതിയ മോചനം നിമിഷനേരങ്ങള്‍ക്കുള്ളില്‍ നടന്നുവെന്നത് ചരിത്രം. അതുമാത്രമല്ല മൊകേരിയുടെ മോചനത്തിലൂടെ മറ്റു രണ്ടു പേര്‍ക്ക് കൂടി ഇരുട്ടറയില്‍ നിന്നും ജീവിതത്തിന്റെ താക്കോല്‍ തിരികെ കിട്ടി. അതിലൊന്ന് കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ടു വര്‍ഷങ്ങളായി മാലിജയിലില്‍ കിടന്നിരുന്ന വര്‍ക്കല സ്വദേശിനി റുബീനയും ചെയ്യാത്ത കുറ്റത്തിന് വെറുതെ ശിക്ഷിക്കപ്പെട്ട കോട്ടയം അരീക്കര സ്വദേശി രാജേഷുമായിരുന്നു ആ രണ്ടു പേര്‍.

modi-congrats-sushama-for-kubhushan-case

മനാമയില്‍ നിന്നും അജിത്കുമാര്‍- ജോലി ചെയ്ത സ്ഥാപനത്തിലെ മനുഷ്യത്വവിരുദ്ധ നിലപാട് മൂലം രണ്ടു തവണ മകളുടെ വിവാഹം മാറ്റിവയ്‌ക്കേണ്ടി വന്ന പാമ്പാടി വെള്ളൂര്‍ സ്വദേശി സി എം അജിത്കുമാര്‍ ഒടുവില്‍ നാട്ടിലെത്തിയതും സുഷമാസ്വരാജിന്റെ സമയോചിതമായ ഇടപെടല്‍ മൂലം മാത്രമായിരുന്നു .അജിത്കുമാര്‍ തൊഴില്‍ചെയ്ത സ്ഥാപനം വിസ കാന്‍സല്‍ ചെയ്യാനുള്ള നടപടി സ്വീകരിക്കാത്തതുമൂലം യാത്രമുടങ്ങിയതിനാല്‍ ഇദ്ദേഹത്തിന്റെ മകളുടെ വിവാഹം രണ്ടുതവണയാണ് മാറ്റേണ്ടി വന്നത്. അജിത്കുമാറിന്റെ വിസ 2016 ജനുവരി ഏഴിന് തീര്‍ന്നിരുന്നു. രണ്ടു വര്‍ഷമായി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്ന് രാജിവെക്കുന്നതായി കാണിച്ച് കഴിഞ്ഞ നവംബറില്‍ തന്നെ ഇയാള്‍ കത്തുകൊടുത്തിരുന്നു. എന്നാല്‍ ജനുവരി ഏഴ് കഴിഞ്ഞിട്ടും തൊഴിലുടമ വിസ റദ്ദാക്കാനുള്ള കാര്യങ്ങള്‍ ചെയ്തില്ലെന്നു മാത്രമല്ല, ഫെബ്രുവരി അവസാനമായിട്ടും ജനുവരിയിലെ ശമ്പളവും രണ്ടു വര്‍ഷത്തെ ആനുകൂല്യങ്ങളും നല്‍കിയതുമില്ല.

ALSO READ: രണ്ടാഴ്ച്ചക്കിടെ രണ്ടുപേർ; തങ്ങളെ നയിച്ച മുന്‍മുഖ്യമന്ത്രിമാരെ നഷ്ടപ്പെട്ടതിൽ തീരാദുഃഖത്തോടെ ഡൽഹി

വിസ റദ്ദാക്കാതെ രാജ്യം വിട്ടാല്‍ കരിമ്പട്ടികയില്‍ പെടുത്താന്‍ സാധ്യതയുണ്ടെന്നതിനാല്‍, അജിത്കുമാര്‍ നബിസാലെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് തൊഴിലുടമ പാസ്‌പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. കേസ് പിന്‍വലിക്കുമെന്ന ഉറപ്പിലാണ് തൊഴിലുടമ പാസ്‌പോര്‍ട്ട് എത്തിച്ചതെങ്കിലും അതില്‍ വിസ റദ്ദാക്കിയിട്ടില്ലെന്ന് മനസിലായി. ഇതുസംബന്ധിച്ച് അജിത് വീണ്ടും കേസുകൊടുത്തിരുന്നു. തൊഴിലുടമ വിസ റദ്ദാക്കാതെ തങ്ങള്‍ക്ക് ഈ വിഷയത്തില്‍ ഒന്നും ചെയ്യാനാകില്ലെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് അജിത് പാസ്‌പോര്‍ട്ടുമായി എമിഗ്രേഷന്‍ അധികൃതരെ സമീപിച്ചെങ്കിലും ഒന്നും നടന്നില്ല. ഇന്ത്യന്‍ എംബസി അധികൃതര്‍ മുമ്പാകെ പ്രശ്‌നം അവതരിപ്പിച്ചെങ്കിലും കാര്യമായ ഒരു നീക്കവുമുണ്ടായില്ല. ഈ വിഷയങ്ങള്‍ കാട്ടി അഭിലാഷ് ജി നായര്‍ എന്നൊരാള്‍ സുഷമാജിയുടെ ട്വിട്ടര്‍ അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട മന്ത്രി ഉടനടി എംബസിയുമായി നേരിട്ട് ഇടപെട്ടു പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

sushama

സൌദിയില്‍ നിന്നും ഭവാനി-കൈരളി പീപ്പിള്‍ ടിവിയുടെ പരിപാടി ശ്രദ്ധയില്‍പ്പെട്ട സുഷമസ്വരാജ് ഇടപെട്ടപ്പോള്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തിലൂടെ പത്തനംതിട്ട സ്വദേശിനി ഭവാനിക്കും ലഭിച്ചത് പ്രവാസദുരിതക്കടലില്‍ നിന്നും മോചനം. സൌദിയിലെ റിയാദില്‍ ഗദ്ദാമയായി ജോലി നോക്കിയ ഭവാനിക്കു നേരിടേണ്ടി വന്നത് കൊടിയ പീഡനമായിരുന്നു. കൈരളി പീപ്പിള്‍ വാര്‍ത്തയെ തുടര്‍ന്ന് ഡല്‍ഹിയിലെ മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ ഭവാനിയുടെ മോചനത്തിനായി സുഷമയെ ബന്ധപ്പെടുകയായിരുന്നു. അതോടെ അവര്‍ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടുകയും വേണ്ട നിര്‍ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് എംബസിയുടെ ഇടപെടലിലൂടെ മോചനം സാധ്യമാകുകയായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന്‌സ്വകാര്യ ഏജന്‍സികളുടെ ചതിയില്‍ വീണുപോകരുതെന്ന് ഓര്‍മ്മപ്പെടുത്തുക കൂടി ചെയ്തു സുഷമാജി.

ALSO READ: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സോണിയയെ വിറപ്പിച്ച തീപ്പൊരി നേതാവ്, ഇന്ത്യയുടെ വിദേശ കാര്യവകുപ്പിനെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്ന വനിത

സിസ്‌റര്‍ സാലിയും ഫാദര്‍ ടോം ഉഴുന്നാലിനും-പിന്നീട് യെമനില്‍ ഭീകരുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട സിസ്റ്റര്‍ സാലിയെ അതിവിദഗ്ദമായി നാട്ടിലെത്തിക്കാന്‍ കഴിഞ്ഞതിലൂടെ വിദേശകാര്യ മന്ത്രാലയത്തിന് ഒരു പുതിയ ദിശാബോധം നല്‍കിയിരുന്നു സുഷമാ സ്വരാജ്. എയ്ദനൈല്‍ വയോധിക മന്ദിരത്തില്‍ ആക്രമണത്തില്‍ ശുശ്രൂഷകരായിരുന്ന മിഷനറീസ് ഓഫ് ചാരിറ്റി സന്യാസസമൂഹത്തിലെ നാല് കന്യാസ്ത്രീകള്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തെ തുടര്‍ന്നു കാണാതായ സിസ്‌റര്‍ സാലിയെ കൃത്യമായ ഇടപെടലിലൂടെ കണ്ടെത്തി നാട്ടിലെത്തിക്കാന്‍ അവസരം ഒരുക്കിയത് സുഷമാ സ്വരാജ് എന്ന പ്രഗത്ഭയായ ഒരു വിദേശകാര്യമന്ത്രിയുടെ ഭരണമികവു തന്നെയാണ്. മലയാളിയായ വൈദികന്‍ ഫാദര്‍ ടോമിനെ കണ്ടെത്താന്‍ സാധ്യമായ എല്ലാ പരിശ്രമങ്ങളും നടത്തുകയും പിന്നീട് മോചനം നടത്തുന്നതില്‍ മുഖ്യപങ്കും അവര്‍ വഹിച്ചിരുന്നു.

sushama

ഒരിക്കല്‍ സാധാരണക്കാരനായ പ്രവാസിക്ക് അന്യമായിരുന്ന ഒരു വകുപ്പിനെ ഇത്രമേല്‍ ആശ്രയിക്കാന്‍ ഉതകുന്ന ഒരു വകുപ്പായി മാറ്റിയെടുക്കാന്‍ ഒരു വനിതയ്ക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്,ഇന്ന് അവര്‍ക്കായി ഓരോ പ്രവാസിയും ഹൃദയത്തിന്റെ ഭാഷയില്‍ അനുശോചനക്കുറിപ്പെഴുതുന്നുണ്ടെങ്കില്‍ അത് കാട്ടി തരുന്നത് പെണ്‍കരുത്തിന്റെ ദീപ്തമായ മുഖത്തിനു പിന്നിലെ കര്‍മ്മകുശലതയും വിട്ടുവീഴ്ചയില്ലാത്ത കാരുണ്യത്തോടെ അവര്‍ പ്രവാസികള്‍ക്കായി നടത്തിയ ഇടപെടലുകളും കൂടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button