ഗുരുവായൂര്‍: ദേവസ്വം ബോര്‍ഡില്‍ നിന്ന് വിരമിക്കുന്നവരുടെ യാത്രയയപ്പ് ചടങ്ങിലേക്ക് അപ്രതീക്ഷിതമായി ഒരു അതിഥിയെത്തി. തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമ. പക്ഷെ ആ സാന്നിധ്യം ഏറെ ശ്രദ്ധേയമായത് അനുപമയെത്തിയ കളക്ടര്‍ പദവിയില്‍ നിന്നുകൊണ്ട് ആയിരുന്നില്ല പകരം മകളായാണ് അവര്‍ എത്തിയത്. വിരമിക്കുന്നവരുടെ കൂട്ടത്തില്‍ അമ്മകൂടി ഉണ്ടായിരുന്നതിനാലാണ് ഇത്. ദേവസ്വം മരാമത്ത് വിഭാഗത്തില്‍നിന്ന് വിരമിക്കുന്ന അസി. എക്‌സി. എന്‍ജിനീയര്‍ ടി.വി. രമണിയുടെ മകളാണ് ടി.വി. അനുപമ. ഈ വര്‍ഷം വിരമിക്കുന്ന 13 പേരുടെ യാത്രയയപ്പ് ചടങ്ങിലാണ് അനുപമ എത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ചടങ്ങ് സംഘടിപ്പിച്ചിരുന്നത്.
താന്‍ സദസ്സില്‍ ഇരുന്നോളാമെന്ന് അനുപമ അഭ്യര്‍ഥിച്ചെങ്കിലും സംഘാടകര്‍ സമ്മതിച്ചില്ല. അവരെ നിര്‍ബന്ധപൂര്‍വം വേദിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അമ്മയെ പൊന്നാട അണിയിക്കാന്‍ ക്ഷണിച്ചപ്പോഴും അനുപമ വിട്ടുനിന്നു. അത് ചെയര്‍മാന്‍ നിര്‍വഹിച്ചാല്‍ മതിയെന്നും ആശംസാപ്രസംഗം നടത്താമെന്നും അനുപമ പറയുകയായിരുന്നു. തന്നെ ഇത്രയും വലിയനിലയിലേക്കെത്തിച്ചത് അമ്മയുടെ കഠിനധ്വാനമായിരുന്നുവെന്ന് അനുപമ പറഞ്ഞു. അമ്മയ്ക്ക് കിട്ടുന്ന ശമ്പളം കൊണ്ടാണ് താന്‍ പഠിച്ച് കളക്ടറായതെന്നും അതിന് ദേവസ്വത്തോടുള്ള കടപ്പാട് എന്നും മനസ്സിലുണ്ടാകുമെന്നും അവര്‍ പറഞ്ഞു. അമ്മയ്ക്കുള്ള സര്‍പ്രൈസ് കൂടിയായിരുന്നു ചടങ്ങില്‍ അനുപമയുടെ സാന്നിധ്യം.
Post Your Comments