KeralaLatest NewsIndia

ശബരിമല മേല്‍ശാന്തി മലയാളി ബ്രാഹ്മണന്‍ ആയിരിക്കണമെന്ന വ്യവസ്ഥ ചോദ്യം ചെയ്തുള്ള ഹർജി തള്ളി

കൊച്ചി: ശബരിമല മേല്‍ശാന്തി വിഷയത്തിലെ ഹർജി ഹൈക്കോടതി തള്ളി. മേല്‍ശാന്തി മലയാളി ബ്രാഹ്മണന്‍ ആയിരിക്കണമെന്ന വ്യവസ്ഥ ചോദ്യം ചെയ്തുള്ള ഹർജിയാണ് തള്ളിയത്. ഇത്തരമൊരു വ്യവസ്ഥ തൊട്ടുകൂടായ്മ ആണെന്നും ഭരണഘടനാ ഉറപ്പു നൽകുന്ന തുല്യാവകാശത്തിനു വിരുദ്ധമാണെന്നും ആയിരുന്നു ഹർജിയിലെ വാദം. ക്ഷേത്രപ്രവേശനം ഉൾപ്പെടെ കാര്യങ്ങളിലുള്ള അവകാശം പരിപൂർണമല്ല. ആചാരാനുഷ്ഠാനങ്ങൾ പാലിക്കാൻ ദേവസ്വം ബോർഡിനു ബാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, പി.ജി.അജിത് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.

മലയാള ബ്രാഹ്മണരല്ലാത്ത ശാന്തിക്കാരായ കോട്ടയം സ്വദേശി സി.വി.വിഷ്ണുനാരായണൻ, തൃശൂർ സ്വദേശികളായ ടി.എൽ.സിജിത്, പി.ആർ.വിജീഷ് എന്നിവരാണ് കോടതിയെ സമീപിച്ചത്. മലയാളി ബ്രാഹ്മണർ എന്നത് മലബാർ മാനുവൽ അനുസരിച്ചും 1881ലെ സെൻസസ് രേഖകളിലും ജാതിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിൽ തൊട്ടുകൂടായ്മ സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണം. യോഗ്യരായവരാണു ശബരിമല മേൽശാന്തിമാരാകേണ്ടതെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.

എന്നാൽ ശബരിമല, മാളികപ്പുറം മേൽശാന്തിമാരായി മലയാള ബ്രാഹ്മണർ വരുന്നത് പുരാതനകാലം മുതൽ തുടരുന്ന രീതിയാണെന്നും മാറ്റാനാകില്ലെന്നുമായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വാദം. ഈ പദവി പൊതുവായിട്ടുളള നിയമനമോ സ്ഥിരം നിയമനമോ അല്ല. കീഴ്‌വഴക്കം അനുസരിച്ചാണ് ഒരു സമുദായത്തിൽ നിന്നുള്ള പൂജാരിമാരെ മേൽശാന്തിമാരായി ക്ഷണിക്കുന്നത്.

35നും 60നും ഇടയിൽ പ്രായമുള്ളവരെയാണു മേൽശാന്തിമാരായി നിയമിക്കുന്നത് എന്നും ബോർഡ് വാദിച്ചു. പുരാതന കാലം മുതൽ മലയാള ബ്രാഹ്മണരെയാണ് മേൽശാന്തിമാരായി നിയമിക്കുന്നത് എന്നതിനു രേഖകളുണ്ടോ എന്ന് കോടതി വാദത്തിനിടെ ആരാഞ്ഞിരുന്നു. ഇക്കാര്യം തെറ്റാണെങ്കിൽ തെളിയിക്കേണ്ടത് ഹർജിക്കാരാണെന്നായിരുന്നു ദേവസ്വം ബോർഡിന്റെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button